ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി വിധി പറയാനായി ഹൈക്കോടതി മാറ്റി
നിയമം കൈലെടുക്കുന്നത് ശരിയാണോയെന്ന് ഹൈക്കോടതി ഭാഗ്യലക്ഷമിയോട് ചോദിച്ചു.
കൊച്ചി: യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതി വിധി പറയാനായി മാറ്റി. യൂട്യൂബറെ ആക്രമിച്ചെന്ന കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിയമം കൈലെടുക്കുന്നത് ശരിയാണോയെന്ന് ഹൈക്കോടതി ഭാഗ്യലക്ഷമിയോട് ചോദിച്ചു. വിജയ് പി നായര്‍ വിളിച്ചിട്ടാണ് പോയതെന്നതിന് എന്താണ് തെളിവുള്ളതെന്ന് കോടതി ആരാഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ലൈവായി ഫേസ്ബുക്കില്‍ നല്‍കിയതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും കോടതി ചോദിച്ചു.
എന്നാല്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ശരിയാണ് ചെയ്തതെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ വാദം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു. സമൂഹ്യ മാറ്റത്തിനാണെങ്കില്‍ ജയിലില്‍ പോകാന്‍ എന്തിന് മടിക്കുന്നെന്നും കോടതി ചോദിച്ചു. തുടര്‍ന്നാണ് ഭാഗ്യലക്ഷമിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയത്. ഭാഗ്യലക്ഷമിക്കും സംഘത്തിനും മോഷണ ലക്ഷ്യം കൂടിയുണ്ടായിരുന്നെന്ന് വിജയ് പി നായര്‍ കോടതിയില്‍ വാദിച്ചു.