കൊവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തില്‍ 81 ശതമാനം ഫലപ്രാപ്തിയെന്ന് ഭാരത് ബയോടെക്
ന്യൂഡല്‍ഹി: ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ 81 ശതമാനം ഫലപ്രദമെന്ന് കമ്പനി. മൂന്നാംഘട്ട വാക്‌സിന്‍ പരിശോധനയ്ക്കു ശേഷം കമ്പനി തന്നെയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. കൊവാക്‌സിന്‍ രണ്ടാം ഡോസെടുത്തവര്‍ക്ക് കൊവിഡ് വൈറസിനെ 81 ശതമാനത്തോളം ഫലപ്രദമായി പ്രതിരോധിക്കാനാവുമെന്ന് കമ്പനിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനായി ഇന്ത്യന്‍ മരുന്നു നിയന്ത്രണ അധികൃതര്‍ രണ്ട് വാക്‌സിനുകള്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. ഒന്ന് കൊവിഷീല്‍ഡും മറ്റൊന്ന് കൊവാക്‌സിനും. ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ സഹായത്തോടെ ആസ്ട്രസെനക്ക വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡ് 70 ശതമാനം ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്.
മൂന്നാം ഘട്ട വാക്‌സിന്‍ പരിശോധന പൂര്‍ത്തിയാക്കാത്ത ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അടിയന്തിര അനുമതി നല്‍കിയ നടപടി ദേശീയ തലത്തില്‍ തന്നെ വിവാദമായിരുന്നു. മൂന്നു ഘട്ടങ്ങളായി വാക്‌സിന്‍ പരിശോധന ആവശ്യമായിരുന്നെങ്കിലും കൊവാക്‌സിന്‍ രണ്ട് ഘട്ട പരിശോധന മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ.