ബീഹാര്‍ തിരഞ്ഞെടുപ്പ്: ജാതി തന്നെ ചാമ്പ്യന്‍, ഇടതിന്റെ പുത്തന്‍ ഉദയം, കോണ്‍ഗ്രസ് താഴേക്ക്; ശ്രദ്ധേയമായ പത്ത് കാര്യങ്ങള്‍

Update: 2020-11-11 12:02 GMT

പട്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് മിക്കവരും ജയിച്ചത് ചെറിയ മാര്‍ജിനിലാണെന്നതാണ്. 28 സീറ്റില്‍ 1000ത്തില്‍ കുറവ് വോട്ടുകളുടെ വ്യത്യാസത്തിലാണ് ജയിച്ചത്. 62 സീറ്റില്‍ വ്യത്യാസം 2000 വോട്ടായിരുന്നു. 113 സീറ്റില്‍ വ്യത്യാസം 3000 വോട്ടിന് താഴെയായിരുന്നു. സ്ഥാനാര്‍ത്ഥികളുടെ ബാഹുല്യം ജയിക്കുന്ന സ്ഥാനാര്‍ത്ഥിയും തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയും തമ്മിലുള്ള വോട്ടിലുള്ള വ്യത്യാസം കുറച്ചിരിക്കാമെന്നാണ് കരുതുന്നത്.

ഈ തിരഞ്ഞെടുപ്പില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് കൂടുതല്‍ വോട്ട് ചെയ്തത്.

ഉവൈസിയുടെ പാര്‍ട്ടിയുണ്ടാക്കിയ സ്വാധീനമാണ് തിരഞ്ഞെടുപ്പ് വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. അദ്ദേഹം ആകെ അഞ്ച് സീറ്റുകള്‍ നേടി.

മുന്നാം ഘട്ടത്തിലാണ് എന്‍ഡിഎ യോഗി ആദിത്യനാഥിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കിയത്. പാകിസ്താന്‍ ചാരന്മാര്‍, മുസ്ലിം വിരുദ്ധത, കശ്മീര്‍ തുടങ്ങിയവ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇതിനെതിരേ നിതീഷ് കുമാര്‍ രംഗത്തുവരികയും ചെയ്തു. ഈ തിരഞ്ഞെടുപ്പില്‍ ആ തന്ത്രം വിജയിച്ചുവെന്നു വേണം കരുതാന്‍.

ഇടത്പക്ഷത്തിന്റെ അപ്രതീക്ഷിത വിജയമാണ് ശ്രദ്ധേയമായ മറ്റൊന്ന്. സിപിഐ എംഎല്‍ സ്ഥാനാര്‍ത്ഥികള്‍ 2015 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സ്ഥാനങ്ങള്‍ നേടി. സിപിഐയ്ക്കും സിപിഎമ്മിനും രണ്ട്് വീതം സീറ്റുകള്‍ ലഭിച്ചു. മാവോവാദി, നഗരനക്‌സലുകള്‍ തുടങ്ങിയ പ്രചാരണങ്ങള്‍ ഏശിയില്ലെന്നു വേണം കരുതാന്‍. 25 വര്‍ഷത്തിനു ശേഷം ഇടത് പക്ഷത്തിന് ലഭിക്കുന്ന വലിയ വിജയമാണ് ഇത്.

എന്‍ഡിഎയും മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളും പോള്‍ ചെയ്തതിന്റെ 37 ശതമാനം വോട്ടും നേടിയെന്നാണ് തിരഞ്ഞെടുപ്പ് കണക്കുകള്‍ പറയുന്നത്. ബാക്കി 25 ശതമാനം വോട്ടും മറ്റ് പാര്‍ട്ടികളും സ്വതന്ത്രരും നേടി. 1990 നുശേഷം ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും 25 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടാന്‍ കഴിഞ്ഞിട്ടില്ല.

ഫലപ്രഖ്യാപനം നല്‍കുന്ന സൂചന, ജാതി തന്നെയാണ് വോട്ട് ചെയ്യുന്നതിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമെന്നാണ്. മുസ്‌ലിം യാദവ വിഭാഗങ്ങള്‍ ആര്‍ജെഡിക്ക് വോട്ട് ചെയ്തു. ഉയര്‍ന്ന ജാതി വിഭാഗങ്ങള്‍ക്ക് പ്രാമുഖ്യമുള്ള പ്രദേശങ്ങള്‍ ബിജെപിയുടെ കയ്യിലായി.

നിതീഷ് കുമാറിന്റെ ഭാവി ഈ തിരഞ്ഞെടുപ്പോടു കൂടി അവസാനിക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. തന്റെ അവസാന തിരഞ്ഞെടുപ്പാണ് ഇതെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. പക്ഷേ, അതല്ല അവസാന തിരഞ്ഞെടുപ്പ് റാലിയെന്നാണ് ഉദ്ദേശിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ തിരുത്തി. നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍ ഇപ്പോഴും രണ്ടാം നിര നേതൃത്വം ഇല്ലാത്തത് പാര്‍ട്ടിയുടെ ഭാവി അനിശ്ചിതമാക്കുന്നു. പോരാത്തതിന് ബിജെപിയുടെ പിന്നില്‍നിന്നുള്ള കുത്തും.

മല്‍സരിച്ച 70 സീറ്റില്‍ കോണ്‍ഗ്രസ്സിന് 19 സീറ്റാണ് ലഭിച്ചത്. അതായത് 30 ശതമാനം നേട്ടം മാത്രം. ആര്‍ജെഡി, ബിജെപി, ജെഡിയു, പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മോശം പ്രകടനമായിരുന്നു ഇത്. കോണ്‍ഗ്രസ്സിന്റെ വോട്ട് ഷെയര്‍ ഇത്തവണ 9.75 ശതമാനം മാത്രമായിരുന്നു. 

ബിജെപി ഈ തിരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടാണ് നേടിയത്. ജെഡിയും 15 ശതമാനവും നേടി.

തിരഞ്ഞെടുപ്പിലെ എല്ലാ ഘട്ടങ്ങളുടെയും സ്വഭാവം ഒന്നായിരുന്നില്ല. ഒന്നാം ഘട്ടം തേജസ്വി യാദവ് കൂട്ടുകെട്ടിനെ പിന്തുണച്ചുവെങ്കില്‍ രണ്ടാം ഘട്ടം ചെറിയ തോതില്‍ എന്‍ഡിഎയെ തുണച്ചു. മൂന്നാം ഘട്ടം എന്‍ഡിഎയുടെ പക്ഷത്താണ് നിന്നത്. ദേശീയ രാഷ്ട്രീയത്തേക്കാള്‍ പ്രാദേശിക പ്രശ്‌നങ്ങളാണ് വോട്ടര്‍മാര്‍ പ്രധാനമായെടുത്തതെന്നുവേണം കരുതാന്‍.

നഗരപ്രദേശങ്ങൡ വലിയ തോതില്‍ ജനങ്ങള്‍ വോട്ട് ചെയ്യാനെത്തിയില്ലെന്നതാണ് മറ്റൊരു വസ്തുത. മൊത്തം പോളിങ് 60ശതമാനത്തില്‍ താഴെയായിരുന്നു. കൊവിഡ് ഒരു കാരണമായിരിക്കുമെന്ന് കരുതുന്നു.

Tags:    

Similar News