'ഭാരതം' മതി; 'ഹിന്ദുസ്ഥാന്‍' ഉപയോഗിക്കാതെ മജ്‌ലിസ് എംഎല്‍എയുടെ സത്യപ്രതിജ്ഞ; വിമര്‍ശനവുമായി ബിജെപി
ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചൊല്ലിയ എഐഎംഐഎം സംസ്ഥാന അധ്യക്ഷന്‍ കൂടിയായ എംഎല്‍എ അക്തറുല്‍ ഇമ്രാന്‍, സത്യവാചകത്തിന്റെ ട്രാഫ്റ്റില്‍ 'ഹിന്ദുസ്ഥാന്‍' എന്ന വാക്ക് ഒഴിവാക്കി 'ഭാരത്' എന്ന് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പട്‌ന: ബിഹാര്‍ നിയമസഭയില്‍ ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) എംഎല്‍എയുടെ സത്യപ്രതിജ്ഞയെ ചൊല്ലി വിവാദം.ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചൊല്ലിയ എഐഎംഐഎം സംസ്ഥാന അധ്യക്ഷന്‍ കൂടിയായ എംഎല്‍എ അക്തറുല്‍ ഇമ്രാന്‍, സത്യവാചകത്തിന്റെ ട്രാഫ്റ്റില്‍ 'ഹിന്ദുസ്ഥാന്‍' എന്ന വാക്ക് ഒഴിവാക്കി 'ഭാരത്' എന്ന് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭരണഘടനയില്‍ 'ഭാരത്' എന്ന വാക്കാണ് ഉള്ളതെന്നും താന്‍ അതുമാത്രമേ ഉപയോഗിക്കു എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
സത്യപ്രതിജ്ഞ ചെയ്യാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടുകയും സ്പീക്കര്‍ അനുവാദം നല്‍കുകയും ചെയ്തു. താന്‍ 'ഹിന്ദുസ്ഥാന്‍' എന്ന വാക്ക് ഉച്ഛരിക്കാന്‍ വിസമ്മതിച്ചിട്ടില്ലെന്നും ഭരണഘടയുടെ ആമുഖത്തില്‍ പറയുന്ന 'ഭാരത്' എന്ന വാക്കാണ് ഉപയോഗിച്ചതെന്നും എംഎല്‍എ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് 'ഹിന്ദുസ്ഥാന്‍' എന്ന വാക്കിനോട് വിരോധമില്ലെന്നും വ്യക്തമാക്കിയ എംഎല്‍എ, ഇഖ്ബാലിന്റെ 'സാരേ ജഹാന്‍ സെ അച്ച' എന്ന കവിത ചൊല്ലുകയും ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എ ഷാകില്‍ അഹമ്മദ് ഖാന്‍ സംസ്‌കൃതത്തില്‍ സത്യപ്രതജ്ഞ ചൊല്ലിയതിനെയും അദ്ദേഹം പ്രശംസിച്ചു.
എന്നാല്‍, ഹിന്ദുസ്ഥാന്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് ബിജെപി എംഎല്‍എ നീരജ് സിങ് ബബ്ലു പറഞ്ഞു. ഹിന്ദുസ്ഥാന്‍ എന്ന വാക്ക് പൊതുവേ ഉപയോഗിക്കുന്നതാണെന്നും ചിലര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ജെഡിയു എംഎല്‍എ മദന്‍ സാഹ്നിയും പ്രതികരിച്ചു.