ബിജുവിന്റെ കൊലപാതകം; ഒന്നാം പ്രതിയുടെ ഭാര്യ സീനയും അറസ്റ്റില്‍, മൃതദേഹത്തില്‍ നിന്ന് വീണ രക്തം തുടച്ചത് സീനയെന്ന് പോലിസ്

തൊടുപുഴ: ബിസിനസ് പങ്കാളിയായിരുന്ന ബിജു ജോസഫിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഒന്നാം പ്രതി ജോമോന്റെ ഭാര്യ സീന(45)യാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയവയില്‍ സീനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ബിജുവിന്റെ മൃതദേഹവുമായി പ്രതികള്‍ ജോമോന്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് നല്‍കിയത് സീനയാണ്. വീട്ടിലെ തറയിലും ചുവരിലും വീണ രക്തം തുടച്ചു വൃത്തിയാക്കിയെന്നും തുടയ്ക്കാന്‍ ഉപയോഗിച്ച തുണി പിന്നീട് കത്തിച്ചെന്നും സീന പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ ബിജുവിന്റെ ചെരിപ്പ്, തുണി, ഷൂ ലെയ്‌സ് എന്നിവ കണ്ടെത്തി. ജോമോന്റെ ബന്ധുവായ ഭരണങ്ങാനം സ്വദേശി എബിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകശേഷം ജോമോന്‍ ആദ്യം വിവരം പറഞ്ഞത് എബിനോടായിരുന്നു. കലയന്താനിയിലെ ഗോഡൗണില്‍ ബിജുവിന്റെ മൃതദേഹം മറവ് ചെയ്ത ശേഷം 'ദൃശ്യം 4' നടത്തിയെന്നാണ് ജോമോന്‍ ഫോണ്‍ വിളിച്ചു എബിനോട് പറഞ്ഞത്.