ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗക്കേസ്;പ്രതികളുടെ ശിക്ഷയിളവിനെതിരായ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
.കൂട്ട ബലാല്‍സംഗവും കൊലപാതകവും ഉള്‍പ്പെടുന്ന കേസായതിനാല്‍ പ്രതികളെ വിട്ടയക്കരുതെന്നാണ് ഹരജിയില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവെ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണോ പ്രതികളെ വിട്ടയച്ചതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചിരുന്നു. മറുപടി നല്‍കിയ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, സുപ്രിംകോടതി സര്‍ക്കാറിന് ഇത്തരമൊരു വിവേചനാധികാരം നല്‍കുകയാണ് ചെയ്തതെന്നും, സുപ്രിംകോടതി വിധിയെയല്ല, പ്രതികള്‍ക്ക് ഇളവ് നല്‍കിയതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും വ്യക്തമാക്കി.കഴിഞ്ഞ ആഴ്ചയാണ് ബില്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്.
2008ല്‍ മുംബൈ സിബിഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ഇവരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2002 മാര്‍ച്ചില്‍ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടത്. കുടുംബത്തിലെ 7 പേരെ പ്രതികള്‍ കൊലപ്പെടുത്തി. രണ്ട് വര്‍ഷത്തിന് ശേഷം, 2004ലാണ് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. പക്ഷേ, സാക്ഷികളെ ഉപദ്രവിക്കുമെന്നും സിബിഐ ശേഖരിച്ച തെളിവുകള്‍ അട്ടിമറിക്കപ്പെടുമെന്നും ബില്‍ക്കിസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് 2004 ഓഗസ്റ്റില്‍ സുപ്രിംകോടതി കേസ് മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.