കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ലബോറട്ടറിയാണ് ഇന്ത്യയെന്ന് ബില്‍ ഗേറ്റ്സ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ഒരു ലബോറട്ടറിയാണ് ഇന്ത്യ. അത് ഇന്ത്യയില്‍ വിജയിക്കുന്നതോടെ നിങ്ങള്‍ക്ക് അവ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി നടപ്പാക്കാവുന്നതാണ്

ന്യൂഡല്‍ഹി: 'കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ലബോറട്ടറിയാണ് ഇന്ത്യ' എന്ന ബില്‍ ഗേറ്റ്സിന്റെ പ്രസ്താവനയില്‍ വന്‍ പ്രതിഷേധം. സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ബില്‍ ഗേറ്റ്സിനെതിരേ ഉയരുന്നത്. റെയ്ഡ് ഹോഫ്മാനുമായി നടത്തിയ പോഡ്കാസ്റ്റിലാണ് ബില്‍ഗേറ്റ്സ് ഈ പരാമര്‍ശം നടത്തിയത്
''വളരെ കാര്യങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്ന രാജ്യങ്ങള്‍ക്ക് ഒരുദാഹരണമാണ് ഇന്ത്യ. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെട്ടു വരുന്നു. അവ സ്ഥിരമാണ്. അവ മെച്ചപ്പെട്ടാല്‍ സര്‍ക്കാരിന്റെ വരുമാനം ഉയരും. 20 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ വലിയ തോതില്‍ മെച്ചപ്പെടും. കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ഒരു ലബോറട്ടറിയാണ് ഇന്ത്യ. അത് ഇന്ത്യയില്‍ വിജയിക്കുന്നതോടെ നിങ്ങള്‍ക്ക് അവ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി നടപ്പാക്കാവുന്നതാണ്''എന്നായിരുന്നു പരാമര്‍ശം.
തങ്ങളുടെ ഏറ്റവും വലിയ യുഎസ് ഇതര ഓഫീസ് ഇന്ത്യയിലാണെന്നും ലോകത്തെവിടെയും തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഏറ്റവുമധികം പൈലറ്റ് റോള്‍ ഔട്ട് ചെയ്യുന്നത് ഇന്ത്യയിലെ പങ്കാളികള്‍ക്കൊപ്പമാണെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.