'തമിഴര്‍ നന്ദി കെട്ടവര്‍'; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്
ഹിന്ദി ഭാഷാ വാദത്തിനെതിരേ ദ്രാവിഡ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുന്നതിനിടെയാണ് 'തമിഴര്‍ നന്ദികെട്ടവരാണെന്ന' പരാമര്‍ശം നടത്തി പൊന്‍ രാധാകൃഷ്ണന്‍ പുലിവാല് പിടിച്ചത്.
ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ 'ഒരു രാഷ്ട്രം, ഒരു ഭാഷ' പരാമര്‍ശത്തിനെതിരേ തമിഴ്‌നാട്ടില്‍ കടുത്ത പ്രതിഷേധമുയരുന്നതിനിടെ തമിഴര്‍ക്കെതിരേ മോശം പരാമര്‍ശവുമായി ബിജെപി മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ഹിന്ദി ഭാഷാ വാദത്തിനെതിരേ ദ്രാവിഡ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുന്നതിനിടെയാണ് 'തമിഴര്‍ നന്ദികെട്ടവരാണെന്ന' പരാമര്‍ശം നടത്തി പൊന്‍ രാധാകൃഷ്ണന്‍ പുലിവാല് പിടിച്ചത്.
തമിഴിനെ രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഭാഷകളില്‍ ഒന്നായി പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്‌കൃതത്തിനേക്കാള്‍ പഴയ ഭാഷയാണ് തമിഴ്. തമിഴര്‍ക്കു ഭാഷാ സ്‌നേഹമുണ്ടെങ്കില്‍ ആ പ്രഖ്യാപനം ഒരു വര്‍ഷമെങ്കിലും ആഘോഷിക്കുമായിരുന്നു. തമിഴര്‍ നന്ദി കെട്ടവരാണെന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞത്.
അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഡിഎംകെയും ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയും ഒരേ സ്വരത്തില്‍ ഹിന്ദിക്കെതിരെ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനിടെ മുതിര്‍ന്ന നേതാവ് കൂടിയായ പൊന്‍ രാധാകൃഷ്ണന്‍ നടത്തിയ മോശം പരാമര്‍ശം ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്.