മാള: പുത്തന്‍ചിറ വില്യമംഗലം പാടശേഖരത്തില്‍ ഇത്തവണയും ആറ്റകിളികള്‍ കൂട്ടത്തോടെ എത്തി. പാകമായ നെല്ലിലെ പാല്‍ ഊറ്റിക്കുടിക്കുകയാണ് ഇവ ചെയ്യുന്നത്. രാവിലെ ആറ് മണിയോടെ ആയിരക്കണക്കിന് ആറ്റക്കിളികള്‍ ദിവസേന പാടശേഖരത്തിലെത്തും. പാടത്തിന്റെ നടുവിലുള്ള മോട്ടോര്‍ ഷെഡ്ഡിലേക്ക് പോകുന്ന വൈദ്യതിക്കമ്പിയിലാണ് ഇവ കൂട്ടത്തോടെ ചേക്കേറുക. ഇവയെ ഓടിക്കാന്‍ കൃഷിക്കാര്‍ പല വഴി തേടിയെങ്കിലും ഒന്നും പ്രായോഗികമായിട്ടില്ല. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ഓടിച്ചാല്‍ അവ അടുത്ത കൃഷിയിടത്തില്‍ ചെന്നിരിക്കും.
പുത്തന്‍ചിറ കൃഷി ഓഫിസിലും ഗ്രാമപഞ്ചായത്തിലും അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയുമായിട്ടില്ല. കിളികളെ ഒഴിവാക്കാന്‍ വൈദ്യുതിക്കമ്പി അഴിച്ചു മാറ്റണമെന്നാണ് ഉയര്‍ന്നുവന്നിട്ടുള്ള ഒരു നിര്‍ദേശം. പകരം സോളാര്‍ പാനല്‍ സ്ഥാപിക്കണമെന്നാണ് പാടശേഖര സമിതി സെക്രട്ടറി പി സി ബാബു പറയുന്നത്.
ഇത്തവണ പ്രതീക്ഷിക്കാതെ പെയ്ത മഴയില്‍ പാടശേഖരത്തില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. പുഴയിലെ ഇറക്കത്തില്‍ വെള്ളം തുറന്ന് വിട്ട് രാത്രിയിലും പകലും കൃഷിക്കാര്‍ ജാഗ്രതയോടെ ഇരിക്കുകയാണ്. കൃത്യസമയത്ത് ഷട്ടര്‍ അടച്ചില്ലെങ്കില്‍ ഉപ്പ് വെള്ളം കയറും. എല്ലാ വര്‍ഷവും ജനുവരി പകുതിയോടെ കൊയ്ത്ത് കഴിയും. ഇത്തവണ പക്ഷേ, കര്‍ഷകര്‍ ആശങ്കയിലാണ്. 100 ഏക്കറോളം ഭൂമിയിലാണ് ഇവിടെ വിതച്ചിട്ടുള്ളത്.