പനി ബാധിച്ച് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു; അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

പെണ്‍കുട്ടി കൈ ഞരമ്പ് മുറിച്ചിരുന്നതായും ആന്തരിക അവയവങ്ങള്‍ക്ക് തകരാറു സംഭവിച്ചിരുന്നതായും സൂചനയുണ്ട്.

Update: 2024-11-26 14:19 GMT

പത്തനംതിട്ട: പനിയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മരിച്ചു. മുണ്ടപ്പള്ളി സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പോലിസിന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ പോലിസ് നിയമോപദേശം തേടി.

ഇക്കഴിഞ്ഞ 19ന് സ്‌കൂളില്‍ നിന്ന് ഉല്ലാസ യാത്രയ്ക്ക് പോകാന്‍ വേണ്ടി പെണ്‍കുട്ടിയെ വീട്ടുകാര്‍ സ്‌കൂളില്‍ കൊണ്ടുവിട്ടിരുന്നു. സ്‌കൂളില്‍ നിന്ന് ഉല്ലാസ യാത്രയ്ക്കായി ബസ് പുറപ്പെട്ട് അല്‍പ്പദൂരം ചെന്നപ്പോള്‍ താന്‍ വരുന്നില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. പിന്നീട് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച് വീട്ടുകാര്‍ പെണ്‍കുട്ടിയെ വിളിച്ചു കൊണ്ടു പോയി. പനി ബാധിച്ച പെണ്‍കുട്ടിയെ ആദ്യം അടൂരിലുള്ള ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടറെ കാണിച്ച ശേഷം തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുയായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. പെണ്‍കുട്ടി കൈ ഞരമ്പ് മുറിച്ചിരുന്നതായും ആന്തരിക അവയവങ്ങള്‍ക്ക് തകരാറു സംഭവിച്ചിരുന്നതായും സൂചനയുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങള്‍ ലാബിലെ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

Similar News