പക്ഷിപ്പനി: മധ്യപ്രദേശില്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതിക്ക് നിരോധനം
ഭോപാല്‍: പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ചു. അടുത്ത പത്ത് ദിവസത്തേക്കാണ് നിരോധനം.
''പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ കോഴിഫാമുകളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കണം. മധ്യപ്രദേശിലേക്ക് തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ചു. പക്ഷിപ്പനി നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എടുത്തുകൊണ്ടിരിക്കുകയാണ്''- മുഖ്യമന്ത്രി ശിവ് ലാജ് സിങ് ചൗഹന്‍ പറഞ്ഞു.
കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ തുടങ്ങി രാജ്യത്തെ നാല് സംസ്ഥാനങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണ ഗതിയില്‍ മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും വേണ്ടത്ര ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.