ന്യൂഡല്‍ഹി: എസ്ബിഐയെ കബളിപ്പിച്ച് 57 കോടി തട്ടിപ്പ് നടത്തിയ ബിജെപി നേതാവിനെതിരേ സിബിഐ കേസെടുത്തു. മുംബൈ ബിജെപി ജനറല്‍ സെക്രട്ടറി മോഹിത് കംബോജിനെതിരെയാണ് കേസെടുത്തത്. കൂട്ടത്തില്‍ മറ്റു നാലു പൊതുപ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു. കംബോജിന്റെ ഉടമസ്ഥതയിലുള്ള അവ്യാന്‍ ഓവര്‍സീസ് െ്രെപവറ്റ് ലിമിറ്റഡ് എന്നറിയപ്പെടുന്ന രണ്ട് കമ്പനിക്കള്‍ക്കെതിരെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് മോഹിത്. സ്ഥാപനത്തിന്റെ പേരില്‍ എടുത്ത വായ്പ തിരിച്ചടക്കാതായതോടെയാണ് എസ്ബിഐ പരാതി നല്‍കിയത്.
മോഹിത്തിന്റെ വസതി ഉള്‍പ്പെടെ അഞ്ച് സ്ഥലങ്ങളില്‍ ഒന്നിലധികം തവണ സിബിഐ പരിശോധന നടത്തിയിരുന്നു. 2012 മുതല്‍ 2019 വരെ ഇന്ത്യന്‍ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലറി അസോസിയേഷന്റെ (ഐബിജെഎ) ദേശീയ പ്രസിഡന്റ് കൂടിയായിരുന്നു മോഹിത്ത്. മോഹിത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനി 2013നും 2018നും ഇടയില്‍ വായ്പ അടച്ചു തീര്‍ക്കുമെന്നാണ് ഉറപ്പ് നല്‍കിയിയാണ് 60 കോടി രൂപ കൈപ്പറ്റിയത്. 2013 ആഗസ്തിലാണ് വായ്പ അനുവദിച്ചത്. ഇത് തിരിച്ചടക്കാതായതോടെ 2015ല്‍ വായ്പ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു.
പിന്നീട് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ വായ്പ തുകയുപയോഗിച്ച് പല ഡയറക്ടര്‍മാരുടെയും പേരില്‍ ഫ്‌ലാറ്റ് വാങ്ങിയെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് എസ്ബിഐ, സിബിഐയെ സമീപിച്ചത്. പ്രതികള്‍ ബാങ്കില്‍ നിന്ന് ലഭിച്ച ഫണ്ട് വഴിതിരിച്ചുവിടുകയും രേഖകള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്തു. ഈ ഇടപാടുവഴി 57.726 കോടി ബാങ്കിന് നഷ്ടമുണ്ടായതായി സിബിഐ അറിയിച്ചു. വായ്പയെടുത്തതിന് പിന്നാലെ കമ്പനിയുടെ ഡയറക്ടര്‍മാരായ കംബോജ്, അഭിഷേക് കപൂര്‍, നരേഷ് കപൂര്‍, ജിതേന്ദ്ര കപൂര്‍ എന്നിവര്‍ വിവിധ കാലയളവിലായി രാജിവച്ചു.
ബാങ്കിനെ കബളിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി വായ്പയെടുത്തതെന്നും പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുകയാണ് അവ്യാന്‍ ഓവര്‍സീസ് ചെയ്തതെന്നും എസ്ബിഐയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിപ്പ്, ക്രിമനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.