ആരോഗ്യസ്ഥിതി മോശമായി; ബിജെപി നേതാവ് മുരളി മനോഹർ ജോഷി ആശുപത്രിയിൽ
മുൻ മോദി സർക്കാരിലെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിയുടെ മരണവാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ പാർട്ടിയുടെ ശക്തനായിരുന്ന നേതാവായ മുൻ കേന്ദ്രമന്ത്രികൂടിയായ ഡോ. മുരളി മനോഹർ ജോഷിയുടെ വാർത്ത പുറത്തുവരുന്നത് ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
കാൺപൂർ: മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷിയെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൺപൂരിൽ ബിജെപിയുടെ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. തുടർന്ന് ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. 85 വയസ്സുണ്ട് മുരളി മനോഹർ ജോഷിക്ക്. സ്ഥാപക അംഗങ്ങളിൽ ഒരാളും ബിജെപിയുടെ പ്രസിഡന്റുമായിരുന്നു ഡോ. മുരളി മനോഹർ ജോഷി പാർട്ടിയുടെ ഏറ്റവും മുതിർന്നതും ശക്തവുമായ നേതാവാണ്. ആദ്യകാല നേതാക്കളെ ഒതുക്കുന്ന മോദി-അമിത്ഷാ തന്ത്രത്തിന്റെ ഇരകൂടിയാണ് മുരളി മനോഹർ ജോഷി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പാർട്ടിയിൽ നിന്ന് ടിക്കറ്റ് നൽകിയിരുന്നില്ല. മുരളി മനോഹർ ജോഷിയെ ബിജെപിയുടെ ഗൈഡിങ് ബോർഡിലാണ് നിലവിൽ ഉൾപ്പെടുത്തിയിരുന്നത്.
മുൻ മോദി സർക്കാരിലെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിയുടെ മരണവാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ പാർട്ടിയുടെ ശക്തനായിരുന്ന നേതാവായ മുൻ കേന്ദ്രമന്ത്രികൂടിയായ ഡോ. മുരളി മനോഹർ ജോഷിയുടെ വാർത്ത പുറത്തുവരുന്നത് ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതും അതിനായി ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അഡ്വാനി, ഉമാഭാരതി തുടങ്ങിയവർക്കൊപ്പം മുരളി മനോഹര്‍ ജോഷി വിചാരണ നേരിടുന്നുണ്ട്. പ്രത്യേക സിബിഐ കോടതിയില്‍ നടക്കുന്ന വിചാരണനടപടികള്‍ പൂര്‍ത്തിയാക്കി 2020 ഏപ്രിലിനകം കേസില്‍ വിധിപറയണമെന്ന് ജൂലൈയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.