ബ്രാഹ്മണരും ബനിയകളും തന്റെ പോക്കറ്റിലെന്ന് ബിജെപി നേതാവ്; മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
ഭോപാല്‍: ബ്രാഹ്മണ, ബനിയ സമുദായങ്ങള്‍ തന്റെ പോക്കറ്റിലാണെന്ന് വീമ്പു പറഞ്ഞ ബിജെപി ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവുവിനെതിരേ കോണ്‍ഗ്രസ്. പ്രതിപക്ഷ പാര്‍ട്ടികള്‍ തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണെന്ന് റാവു തിരിച്ചടിച്ചു. മധ്യപ്രദേശ് ബിജെപി ഇന്‍ ചാര്‍ജ്ജാണ് മുരളീധര്‍ റാവു.
ബിജെപിയും പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളും പട്ടിക വര്‍ഗങ്ങളിലും പട്ടിക ജാതികളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അത് വോട്ട് ബാങ്കുകളെന്ന നിലയിലല്ല, അവരുടെ തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കാനാണെന്നും പാര്‍ട്ടി ആസ്ഥാനത്തു വിളിച്ചുചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് പുറത്തു വച്ച് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ബ്രാഹ്മണ, ബനിയ വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതികളെക്കുറിച്ച് ചോദിച്ചു. അതിനുള്ള മറുപടിയിലാണ് അവര്‍ തന്റെ പോക്കറ്റിലാണെന്ന് റാവു പറഞ്ഞത്. പറയുക മാത്രമല്ല, തന്റെ കുര്‍ത്തയുടെ പോക്കറ്റില്‍ തൊട്ട് കാണിക്കുകയും ചെയ്തു.
''ബിജെപി മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും ഒരു വിഭാഗക്കാര്‍ ഒരു പാര്‍ട്ടിയില്‍ കൂടുതലായുണ്ടാവുമ്പോള്‍ ആളുകള്‍, ആ പാര്‍ട്ടി, ആ വിഭാഗത്തിന്റേതാണെന്ന് പറയും. എസ് സി, എസ് ടി വിഭാഗക്കാരില്‍ നിന്ന് കൂടുതല്‍ പേരെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്. ബിജെപി എല്ലാ വിഭാഗങ്ങളുടെയും പാര്‍ട്ടിയാണ്''- റാവു പറഞ്ഞു. ബിജെപി ഒരു വിഭാഗത്തെയും ഒഴിവാക്കില്ലെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുമെന്നും ആ അര്‍ത്ഥത്തില്‍ യഥാര്‍ത്ഥ ദേശീയ പാര്‍ട്ടിയാണ് തങ്ങളുടേതെന്നും റാവു കൂട്ടിച്ചേര്‍ത്തു.
ആറ് സെക്കന്‍ഡ് വരുന്ന റാവുവിന്റെ വിവാദ പരാമര്‍ശത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ് തുടങ്ങി വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വീഡിയോ പങ്കുവച്ചു.
'സബ് കാ സാഥ്, സബ് കാ വികാസ്' എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ബിജെപി, ബ്രാഹ്മണരും ബനിയകളും തങ്ങളുടെ പോക്കറ്റിലാണെന്ന് പറയുന്നതായി കമല്‍ നാഥ് കുറ്റപ്പെടുത്തി.
ബ്രാഹ്മണരോടും ബനിയകളോടും ബിജെപി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വസ്തുതകള്‍ വളച്ചൊടിക്കുന്നത് കോണ്‍ഗ്രസ്സിന്റെ പതിവാണെന്ന് റാവു ആരോപിച്ചു.