ഭബാനിപൂരില്‍ നിന്ന് മമതാ ബാനര്‍ജി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബിജെപി നേതാവ്

Update: 2021-09-21 14:36 GMT

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജി ഭബാനിപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുമെന്ന് ബിജെപി നേതാവ് രാജിബ് ബാനര്‍ജി. ഈ സാഹചര്യത്തില്‍ പാര്‍ട്ടി മമതക്കെതിരേ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി കേന്ദ്രങ്ങളില്‍ കടുത്ത ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുയാണ് ഈ പ്രസ്താവന.

213 സീറ്റുകളോടെ മമതക്ക് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതിയിരിക്കുകയാണ്. അവര്‍ ഭബാനിപൂരില്‍ നിന്ന് ജനവിധി തേടുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന് തീരുമാനിച്ചു. ജനങ്ങളുടെ വിധിയെ നമുക്ക് നിസ്സാരമാക്കാനാവില്ല. അവര്‍ മുഖ്യമന്ത്രിയാവണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ബിജെപിയും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ അതൊരു നല്ല പ്രവണതയും മാതൃകയുമാണ്. അവര്‍ക്കെതിരേ നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുത്- മുന്‍ തൃണമൂല്‍ നേതാവും മന്ത്രിയും പിന്നീട് ബിജെപിയിലേക്ക് കാലുമാറിയ നേതാവുമായ രാജിബ് ബാനര്‍ജി പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജീബ് മല്‍സരിച്ചിരുന്നെങ്കിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥിയോട് തോറ്റിരുന്നു. സുവേന്ദു അധികാരിയുടെ മമതയോടുള്ള നിലപാടിന്റെ കടുത്ത വിമര്‍ശകനുമാണ് അദ്ദേഹം.

ജനങ്ങള്‍ 213 സീറ്റുകളോടെ അവരെ അധികാരത്തിലെത്തിച്ചെന്നും അതുപോലൊരാളെക്കുറിച്ച് മോശം സംസാരിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമതാ ബാനര്‍ജിയുടെ രാഷ്ട്രീയം പക്ഷപാതപരവും വിഭാഗീയവുമാണെന്ന സുവേന്ദു അധികാരിയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മതപരമായി കാര്യങ്ങളെ കാണരുതെന്നും അത് ബംഗാളില്‍ വിലപ്പോവില്ലെന്നും താന്‍ പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ബംഗാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു രാജീബ് ബാനര്‍ജി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍  ഡോംജൂർ മണ്ഡലത്തില്‍ നിന്നാണ് മല്‍സരിച്ചത്. തിരഞ്ഞെടുപ്പില്‍ തോറ്റതിനു ശേഷം ബിജെപി വിരുദ്ധ പ്രസ്താവനകൊണ്ട് ശ്രദ്ധപിടിച്ചുപറ്റിയ ആളാണ് രജിബ് ബാനര്‍ജി.

സപ്തംബര്‍ 30നാണ് മമതാ ബാനര്‍ജി മല്‍സരിക്കുന്ന ഭബാനിപൂരില്‍ ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാം മണ്ഡലത്തില്‍ നിന്ന് മമത പരാജയപ്പെട്ടിരുന്നു.

Tags:    

Similar News