ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ ഹോട്ടലിനു നേരെ ആക്രമണം; ആറു പേര്‍ അറസ്റ്റില്‍
ഒരാഴ്ച മുമ്പ് സംഘം ഹോട്ടലിലെത്തി ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അക്രമണം.
മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് നേരെ അക്രമണം നടത്തിയ കേസില്‍ പ്രതികളായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അജിത് കുമാര്‍, അരുണ്‍ കുമാര്‍, നിതീഷ്, അസിത് കുമാര്‍, പരമേശ്വര്‍, നവീന്‍ എന്നിവരെയാണ് ബെല്‍ത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയതത്. ബെല്‍ത്തങ്ങാടിയിലെ എംപയര്‍ ഹോട്ടലിന് നേരെയാണ് അക്രമണം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി ഹോട്ടലില്‍ നിന്ന് പാര്‍സല്‍ വിതരണം ചെയ്ത് മടങ്ങുകയായിരുന്ന ജീവനക്കാരന്‍ മുഹമ്മദ് അല്‍താഫിനെ ആറംഗസംഘം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. മുഹമ്മദ് അല്‍ത്താഫ് രക്ഷപ്പെടാനായി തിരിച്ച് ഹോട്ടലിലേക്ക് ഓടിക്കയറി. പിറകെ എത്തിയ സംഘം അല്‍ത്താഫിനെ മര്‍ദിക്കുകയും ഹോട്ടലിന് നേരെ അക്രമണം അഴിച്ചുവിടുകയുമായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടന്‍ സ്ഥലത്തെത്തിയതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല.
ഒരാഴ്ച മുമ്പ് സംഘം ഹോട്ടലിലെത്തി ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അക്രമണം. സംഭവത്തില്‍ 15 പേര്‍ക്കെതിരെയാണ് ബെല്‍ത്തങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആറുപേര്‍ അറസ്റ്റിലായതോടെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.