മുസ് ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമുള്ള സംവരണം റദ്ദാക്കണമെന്ന് ബിജെപി എംഎല്‍എ

Update: 2022-10-12 04:36 GMT

ഹുബ്ബള്ളി: കര്‍ണാടകയില്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കുന്ന സംവരണം റദ്ദാക്കണമെന്ന ആവശ്യം ബിജെപി സര്‍ക്കാരിനോട് ആവര്‍ത്തിച്ച് കര്‍ണാടക ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡ്. പഞ്ചമസാലി ലിംഗായത്തുകള്‍ക്ക് സംവരണ ക്വാട്ട നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണം വര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്ത അദ്ദേഹം മതാടിസ്ഥാനത്തിലുള്ള സംവരണം കൊണ്ടുവരുന്ന കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം കാരണം 2 എ, 2 ബി വിഭാഗങ്ങളില്‍ മുസ് ലിംകള്‍ക്ക് സംവരണ സൗകര്യം ലഭിക്കുന്നു. ഇത് റദ്ദാക്കി ദീര്‍ഘകാലമായി സംവരണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പഞ്ചമസാലി ലിംഗായത്തുകള്‍ക്ക് അത് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റിയതിന് ബിജെപി സര്‍ക്കാരിനെ ഞാന്‍ അഭിനന്ദിക്കുന്നു. അതേസമയം, മറ്റ് പല പിന്നാക്ക സമുദായങ്ങളും സംസ്ഥാനത്ത് സംവരണം ആവശ്യപ്പെടുന്നുണ്ട്. മറാത്ത സമുദായം 2എ വിഭാഗത്തില്‍ സംവരണം ആവശ്യപ്പെടുന്നു. ഗൗഡ ലിംഗായത്തുകള്‍, മല്ലെ ഗൗദ്രു, ദീക്ഷരു എന്നിവര്‍ സംസ്ഥാനത്തുടനീളമുള്ള പഞ്ചമസാലി ലിംഗായത്ത് ഉപവിഭാഗത്തിന് കീഴിലാണ്. അവരും സംവരണം ആവശ്യപ്പെടുന്നു. കൂടു വൊക്കലിഗ സമുദായവും 2എ വിഭാഗത്തില്‍ സംവരണം ആവശ്യപ്പെടുന്നുണ്ട്. ഗംഗ സമുദായവും കുറുബ സമുദായവും വിവിധ വിഭാഗങ്ങളില്‍ സംവരണം ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള സമയമാണിത്'- ബെല്ലഡ് പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണത്തിന്റെ ശതമാനം വര്‍ധിപ്പിക്കേണ്ട ആവശ്യമില്ല. മറ്റ് പിന്നാക്ക സമുദായ (ഒബിസി) വിഭാഗത്തില്‍, ഒബിസി അല്ലാത്തവര്‍ക്കാണ് സംവരണം നല്‍കുന്നത്- അദ്ദേഹം വിശദീകരിച്ചു.

'നമ്മുടെ ഭരണഘടന പ്രകാരം മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണമില്ല. ജാതി അടിസ്ഥാനത്തിലുള്ള സംവരണ സമ്പ്രദായം മാത്രമാണുള്ളത്. 2 ബി വിഭാഗത്തില്‍പ്പെട്ട മുസ് ലിംകള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തി. അതുപോലെ, കുറച്ച് മുസ് ലിംകളും 2 എ വിഭാഗത്തിന് കീഴില്‍ സംവരണം പ്രയോജനപ്പെടുത്തുന്നു- 'ബെല്ലഡ് പറഞ്ഞു.

മുഖ്യമന്ത്രി ബൊമ്മൈ ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രസ്താവന നടത്തിയാല്‍ പ്രതികരിക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു.

Tags:    

Similar News