ബിജെപി എംപി റാം സ്വരൂപ് ശര്‍മ മരിച്ച നിലയില്‍
ഫ്‌ലാറ്റിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.
ന്യൂഡല്‍ഹി: ബിജെപി എംപി റാം സ്വരൂപ് ശര്‍മ(62)യെ ഡല്‍ഹിയില്‍ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫ്‌ലാറ്റിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.ആത്മഹത്യയാണെന്നാണ് ഡല്‍ഹി പോലിസ് നല്‍കുന്ന വിവരം. എന്നാല്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്താന്‍ സാധിച്ചട്ടില്ല. വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇദ്ദേഹത്തിന്റെ ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ട് പോലിസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പോലിസ് അറിയിച്ചു.
കഴിഞ്ഞ രണ്ട് തവണയും മാണ്ഡിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് റാം സ്വരൂപ് ശര്‍മയായിരുന്നു. 2014ലും 2019ലും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രാലയം പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1958ല്‍ മാണ്ഡിയില്‍ തന്നെയാണ് ജനനം. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
അതേസമയം അടുത്തിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ പാര്‍ലമെന്റ് അംഗമാണ് റാം സ്വരൂപ് ശര്‍മ. കഴിഞ്ഞ മാസം ദാദ്ര നാഗര്‍ഹവേലി എംപി മോഹന്‍ ദേല്‍ക്കറേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മുംബൈയിലെ ഹോട്ടമുറിയിലാണ് മോഹന്‍ ദേല്‍ക്കര്‍ മരണപ്പെട്ടത്. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നു. നാല് പേജുള്ള ഗുജറാത്തി ഭാഷയില്‍ എഴുതിയിരിക്കുന്ന ആത്മഹത്യാ കുറിപ്പില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരേയടക്കം പരാമര്‍ശങ്ങളുണ്ടെന്നാണ് സൂചന.