യുപി പോലീസ് ദരിദ്രരെയും ദലിതരെയും ഉപദ്രവിക്കുന്നുവെന്ന് ബിജെപി എംപി
സംഭവത്തില്‍ സംസ്ഥാനത്തെ ദലിതര്‍ വളരെയധികം അസ്വസ്ഥരാണെന്ന് ബറാബങ്കിയിലെ ബിജെപി എംപിയും ദലിത് നേതാവുമായ ഉപേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.
കാണ്‍പൂര്‍: യുപി പോലീസ് ദരിദ്രരെയും ദലിതരെയും ഉപദ്രവിക്കുന്നുവെന്ന് യുപിയിലെ ബിജെപി എംപി കൗശല്‍ കിഷോര്‍. മോഹന്‍ലാല്‍ഗഞ്ച് എംപിയായ കൗശല്‍ പാര്‍ട്ടിയുടെ ദലിത് വിഭാഗം സംസ്ഥാന പ്രസിഡന്റുമാണ്. ഹാഥ്‌റസില്‍ ഉയര്‍ന്ന ജാതിക്കാരുടെ കൂട്ടബലാത്സംഗത്തിനും അക്രമത്തിനുമൊടുവില്‍ 19 കാരിയായ ദലിത് പെണ്‍കുട്ടി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തിനെതിരെ ബിജെപിയിലെ ദലിത് നേതാക്കള്‍ പ്രതികരിക്കുന്നതിനിടയിലാണ് ദലിത് സംഘടനയായ പ്രകാശ് മഹാസംഘ് ദേശീയ പ്രസിഡന്റ് കൂടിയായ കൗശല്‍ കിഷോര്‍ പോലിസിനെതിരെ ആരോപണമുന്നയിച്ചത്. ദരിദ്രര്‍ക്കും ദലിതുകള്‍ക്കും എതിരായ അതിക്രമങ്ങള്‍ മറച്ചുവെക്കാന്‍ പോലിസ് ശ്രമിക്കും. അത്തരം പോലീസുകാര്‍ ശിക്ഷിക്കപ്പെടുന്നത് കാണണം എന്നും കൗശല്‍ പറഞ്ഞു.
ഹാഥ്‌റസ് സംഭവം ഭരണകൂടത്തിന്റെ പ്രതിച്ഛായയെ ദുര്‍ബലപ്പെടുത്തിയെന്നും അത് രാഷ്ട്രീയമായി നാശമുണ്ടാക്കുന്നതാണെന്നും അടുത്ത കാലം വരെ ബിജെപിയുടെ എസ്സി മോര്‍ച്ചയുടെ തലവനായിരുന്ന കൗശമ്പി എംപി വിനോദ് കുമാര്‍ സോങ്കര്‍ പറഞ്ഞു: ''തീര്‍ച്ചയായും ഈ സംഭവം സംസ്ഥാനത്തിന്റെയും സര്‍ക്കാരിന്റെയും പ്രതിച്ഛായയെ ബാധിച്ചു. ഇത് രാഷ്ട്രീയമായി ഞങ്ങള്‍ക്ക് ദോഷകരമാണ്. ഇത് ഞങ്ങള്‍ക്ക് മുഖം നഷ്ടപ്പെടുന്നതാണ്.' എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. സംഭവത്തില്‍ സംസ്ഥാനത്തെ ദലിതര്‍ വളരെയധികം അസ്വസ്ഥരാണെന്ന് ബറാബങ്കിയിലെ ബിജെപി എംപിയും ദലിത് നേതാവുമായ ഉപേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.