ഇലക്ടറല്‍ ബോണ്ട് വഴി ബിജെപി ശേഖരിച്ചത് 2,555 കോടി; കോണ്‍ഗ്രസ്സിന് 318 കോടി മാത്രം
ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ടറല്‍ ബോണ്ടു വഴി ബിജെപി ശേഖരിച്ചത് ആകെ ബോണ്ടിന്റെ 76 ശതമാനമെന്ന് റിപോര്‍ട്ട്. ഇത് ഏകദേശം 2,555 കോടി രൂപ വരും. ആകെ ഇലക്ടറല്‍ ബോണ്ടുകളുടെ മൂല്യം ഇതേ കാലയളവില്‍ 3,555 കോടിയായിരുന്നു. ബിജെപിയുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ആതായത് 1,450 കോടി രൂപ അധികം ശേഖരിച്ചു. എന്‍ഡിടിവിയാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഇതേ കാലയളവില്‍ കോണ്‍ഗ്രസ്സിന്റെ ബോണ്ട് വരുമാനം 17 ശതമാനം ഇടിഞ്ഞു. 2018-19 കാലത്ത് കോണ്‍ഗ്രസ് 383 കോടിയാണ് ശേഖരിച്ചതെങ്കില്‍ 2019-20 കാലത്ത് അത് 318 കോടിയായിരുന്നു.
ശേഷിക്കുന്ന ബോണ്ടുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണ് ലഭിച്ചത്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ 100.46 കോടി ശേഖരിച്ചു. ശരത്പവാറിന്റെ എന്‍സിപി 29.25 കോടിയും ശിവസേന 41 കോടിയും ഡിഎംകെ 45 കോടിയും ശേഖരിച്ചു. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി 2.5 കോടി, ആം ആദ്മി പാര്‍ട്ടി 18 കോടി എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
2019 കാലത്ത് ബിജെപിയുടെ വരുമാനം മറ്റ് പ്രധാന അഞ്ച് പാര്‍ട്ടികളുടെ വരുമാനം കൂട്ടിയാല്‍ ലഭിക്കുന്ന തുകയേക്കാള്‍ കൂടുതലാണ്. ബോണ്ട് തുടങ്ങിയതു മുതല്‍ മാര്‍ച്ച് 2020 വരെ ബിജെപി ആകെ ബോണ്ടിന്റെ 68 ശതമാനവും കരസ്ഥമാക്കി. ഇലക്ടറല്‍ ബോണ്ട് സംവിധാനം ഏര്‍പ്പെടുത്തും മുമ്പ് കൂടുതല്‍ വരുമാനം കരസ്ഥമാക്കിയതും ബിജെപിയായിരുന്നു.
2017-18 കാലത്താണ് ആദ്യമായി ഇലക്ടറല്‍ ബോണ്ട് സംവിധാനം കൊണ്ടുവരുന്നത്. വ്യക്തികള്‍ക്കും കോര്‍പറേഷനുകള്‍ക്കും വിദേശ കമ്പനികള്‍ക്ക് ഷെയറുള്ള സ്വദേശ കമ്പനിക്കും ബോണ്ട് വാങ്ങാനാവും.
ബോണ്ട് മാര്‍ക്കറ്റ് രൂപീകരിക്കുന്നതോടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാവുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.