ബിജെപി രഥയാത്ര: 'അനുമതിക്കെണി'യൊരുക്കി മമതയുടെ പ്രതിരോധം
സംസ്ഥാന സര്‍ക്കാറില്‍ നിന്നും ഒന്നിച്ച് അനുമതി ലഭിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നിരിക്കെ അത് ഇല്ലാതെയാക്കാനാണ് പ്രാദേശിക അധികാരികളെ സമീപിക്കാന്‍ നിര്‍ദേശം നല്‍കിയത്.
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമബംഗാളില്‍ ബിജെപി നടത്തുന്ന രഥയാത്രക്ക് കെണിയൊരുക്കി മമതാ ബാനര്‍ജിയുടെ പ്രതിരോധം. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സംസ്ഥാനത്തുടനീളം രഥയാത്രയ്ക്ക് അനുമതി തേടി തിങ്കളാഴ്ചയാണ് ബിജെപി ബംഗാള്‍ ഘടകം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഇതിനെ തുടര്‍ന്ന്, അനുമതി നല്‍കുന്നത് സങ്കീര്‍ണമാക്കിയാണ് ബിജെപിയുടെ രഥയാത്രയെ പ്രതിരോധിക്കാന്‍ മമത കരുക്കള്‍ നീക്കിയത്. അനുമതി ലഭിക്കുന്നതിന് ജില്ലകളിലെ പ്രാദേശിക അധികാരികളെ സമീപിക്കാനാണ് ചീഫ് സെക്രട്ടറി ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ 294 മണ്ഡലങ്ങളെ കോര്‍ത്തിണക്കി കൊണ്ട് അഞ്ച് രഥയാത്രകള്‍ സംഘടിപ്പിക്കുമെന്നാണ് ബിജെപി പറയുന്നത്. 20 മുതല്‍ 25 ദിവസം വരെ നീണ്ട് നില്‍ക്കുന്നതാണ് ഓരോ യാത്രയും. ഒരേ സമയം തന്നെയാണ് എല്ലാ യാത്രകളും നടക്കുകയെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പ്രതാപ് ബാനര്‍ജി സംസ്ഥാന ചീഫ് സെക്രട്ടറി അലപന്‍ ബന്ദിയോപാധ്യായക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു.
'രഥയാത്രക്ക് അനുമതി ലഭിക്കാന്‍ ക്രമസമാധാന പരിപാലനത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള പ്രാദേശിക തലങ്ങളില്‍ ഉചിതമായ അധികാരികളെ സമീപിക്കാം' എന്നാണ് ഇതിനോട് സ്‌പെഷ്യല്‍ സെക്രട്ടറി പ്രതികരിച്ചത്.' രഥയാത്ര കടന്ന് പോകുന്ന എല്ലാ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും ഇതു കാരണം ബിജെപിക്ക് അനുമതി വാങ്ങേണ്ടി വരും.
സംസ്ഥാന സര്‍ക്കാറില്‍ നിന്നും ഒന്നിച്ച് അനുമതി ലഭിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നിരിക്കെ അത് ഇല്ലാതെയാക്കാനാണ് പ്രാദേശിക അധികാരികളെ സമീപിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനിടെ രഥയാത്ര ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ രാംപ്രസാദ് സര്‍ക്കാര്‍ ബുധനാഴ്ച കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഒരു പൊതുതാത്പര്യ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച കോടതി ഇതില്‍ വാദം കേള്‍ക്കും.
ബിജെപിയുടെ രഥയാത്ര തടയുന്നതിനായി 2019ലെ തന്ത്രം തന്നെയാണ് മമത ബാനര്‍ജി ഇത്തവണയും പയറ്റുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാനമായ യാത്ര നടത്താന്‍ ബിജെപി പദ്ധതിയിട്ടിരുന്നു. പ്രാദേശിക തലങ്ങളില്‍ നിന്ന് അനുമതി തേടണമെന്ന് തന്നെയാണ് അന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തത്. സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നായി മൂന്ന് യാത്രകളായിരുന്നു ബിജെപി നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് നടന്ന നിയമപോരാട്ടത്തില്‍ സുപ്രീംകോടതിയില്‍ മമത സര്‍ക്കാര്‍ വിജയിച്ചു. ബിജെപിക്ക് രഥയാത്ര നടത്താനായില്ല.