ഉത്തര്‍പ്രദേശിലും ബിജെപിക്ക് തിരിച്ചടി; ഇന്‍ഡ്യ മുന്നണി മുന്നില്‍

Update: 2024-06-04 04:35 GMT
ബി.ജെ.പിയുടെ പൊന്നാപുരം കോട്ടയായ ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി മോദിക്കടക്കം വന്‍ തിരിച്ചടി. 80 സീറ്റുകളുള്ള യു.പിയില്‍ വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഒന്നരമണിക്കൂറില്‍ 41സീറ്റിലും ഇന്‍ഡ്യ ലീഡ് ചെയ്യുന്നു. 37 സീറ്റില്‍ മാത്രമാണ് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നിലുള്ളത്.

ഒരുഘട്ടത്തില്‍ 6000ലേറെ വോട്ടുകള്‍ക്ക് മോദി പിന്നില്‍ പോയി. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ 100 മിനിട്ടിലും പിന്നിലായ മോദി, പിന്നീട് 100 വോട്ടിന് മുന്നേറി. റായ്ബറേലിയിലാകട്ടെ രാഹുല്‍ ഗാന്ധി വിജയക്കുതിപ്പ് തുടരുകയാണ്. ബി.ജെ.പിയുടെ ദിനേശ് പ്രതാപ് സിങ്ങാണ് പിന്നില്‍. അമേത്തിയില്‍ ബി.ജെ.പിയുടെ സ്മൃതി ഇറാനിയെ പിന്നിലാക്കി കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മ മുന്നേറുകയാണ്.

അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാര്‍ഥി പിന്നിലാണ്. 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.പിയില്‍ എന്‍.ഡി.എക്ക് അടിത്തറ നഷ്ടപ്പെടുമെന്ന് ഉറപ്പ്. 2019ല്‍ യു.പിയില്‍ എന്‍.ഡി.എ 64 സീറ്റ് നേടിയപ്പോള്‍ എസ്.പി 5 സീറ്റും കോണ്‍ഗ്രസിന് ഒരെണ്ണവും മാത്രമാണ് ലഭിച്ചിരുന്നത്. ബി.എസ്.പി പത്ത് സീറ്റുകള്‍ നേടിയിരുന്നു.


Tags:    

Similar News