ഓക്‌സിജന്‍ സിലിണ്ടറുകളും ഹുമിഡിഫറുകളും പച്ചപ്പാവങ്ങള്‍; ബ്ലാക് ഫംഗസ് പകര്‍ന്നത് എയര്‍ കണ്ടീഷ്ണറുകള്‍ വഴി
2020 സപ്തംബറില്‍ ഇന്ത്യയിലെ മൈക്രോ ബയോളജിസ്റ്റുകള്‍ക്ക് ചില ഫംഗല്‍ബാധയുടെ സൂചനകള്‍ ലഭിച്ചു. പ്രത്യേകിച്ച് കൊവിഡ് ബാധയില്‍ നിന്ന് രക്ഷപ്രാപിച്ചവരിലാണ് അത് കണ്ടത്. മ്യൂക്കോറലുകള്‍ എന്ന വിഭാഗത്തില്‍ വരുന്ന അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഫംഗല്‍ ബാധയായിരുന്നു അത്. കൊവിഡ് ബാധിച്ച് പ്രതിരോധം നശിച്ച രോഗികളുടെ വായിലും മൂക്കിലും തലച്ചോറിലെ അറകളിലും അവ പടര്‍ന്നുപിടിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ പതിനാറ് ആശുപത്രികള്‍ അതേ കുറിച്ച് പഠനം തുടങ്ങി.
മൂന്ന് മാസത്തിനുള്ളില്‍ രോഗബാധ രണ്ടിരട്ടിയായി വര്‍ധിച്ചു. ബ്ലാക് ഫംഗസ് എന്ന പേരിലറിയപ്പെട്ടിരുന്ന ഈ രോഗബാധ മുന്‍ വര്‍ഷവും ഇതേസമയത്ത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇക്കാര്യം പഠിച്ച ഛണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ ഡോ. അരുണലോക് ചക്രവര്‍ത്തി തനിക്ക് കഴിയാവുന്ന എല്ലാ മാര്‍ഗങ്ങളിലും ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പു നല്‍കി. ആ സമയത്താണ് കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ ആക്രമിച്ചത്.
മെയ് 19ആയപ്പോഴേക്കും ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ്, അങ്ങനെയാണ് ഇതറിയപ്പെടുന്നത്, രാജ്യത്തെ ആക്രമിക്കാന്‍ തുടങ്ങി. മൂന്ന് മാസത്തേക്ക് ഈ രോഗബാധക്കെതിരേയുള്ള ആന്റി ഫംഗല്‍ മരുന്നായ ആംഫോട്ടെറിസിന്‍ ബി ലഭ്യമായിരുന്നില്ല. ആഗസ്റ്റായതോടെ 50,000 പേര്‍ക്ക് ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചുകഴിഞ്ഞിരുന്നു.
പഠനങ്ങള്‍ ധാരാളം നടന്നെങ്കിലും ബ്ലാക് ഫംഗസ് ബാധയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ രോഗബാധ കൊവിഡ് ബാധ കണ്ടെത്തിയ മറ്റ് രാജ്യങ്ങളില്‍ ദൃശ്യമായിരുന്നില്ലെന്നത് പ്രതിസന്ധി വര്‍ധിപ്പിച്ചു.
പ്രമേഹബാധിതരായ വലിയൊരു ജനവിഭാഗം രാജ്യത്തുള്ളതുകൊണ്ട് ബ്ലാക് ഫംഗസ് ബാധയുടെ കാരണം പ്രമേഹമായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതാന്‍ തുടങ്ങി.
അതിനിടയില്‍ ഇന്‍ഡസ്ട്രിയല്‍ ഓക്‌സിന്‍ കൊവിഡ് ചികില്‍സക്ക് ഉപയോഗിച്ചതും ഹുമിഡിഫയറുകളുമാവാം കാരണമെന്ന നിഗമനം ചിലര്‍ മുന്നോട്ടുവച്ചു.
തുടര്‍ന്ന് നടന്ന ഗവേഷണങ്ങള്‍ വെള്ളം വഴിയോ ഓക്‌സിജന്‍ വഴിയോ അല്ല രോഗബാധയുണ്ടായതെന്ന് വെളിപ്പെടുത്തി. ഇന്ത്യയിലെ എയര്‍കണ്ടീഷനറുകളാണ് രോഗബാധയുടെ ഉറവിടമെന്നാണ് ഇപ്പോള്‍ ഇഎന്‍ടി വിദഗ്ധര്‍ കരുതുന്നത്.
ഓക്‌സിജന്‍ സിലിണ്ടറുകളില്‍ നിന്നും സ്‌റ്റോറേജ് ടാങ്കുകളില്‍ നിന്നും എയര്‍കണ്ടീഷനറുകളില്‍ നിന്നുമുള്ള സാംപിളുകള്‍ ശാസ്ത്രജ്ഞര്‍ ശേഖരിച്ചു പഠിച്ചാണ് പുതിയ നിഗമനത്തിലെത്തിയത്. ഈ രോഗബാധ കണ്ടെത്തിയ ആശുപത്രികളില്‍നിന്നാണ് സാംപിളുകള്‍ ശേഖരിച്ചത്.
എയര്‍ കണ്ടീഷനിംഗ് വെന്റുകളില്‍ നിന്ന് ശേഖരിച്ച 11% സാംപിളുകളില്‍ ശാസ്ത്രജ്ഞര്‍ ഫംഗസ് സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണമാണ് വില്ലന്‍ എയര്‍കണ്ടീഷ്ണറുകളാണെന്ന് തിരിച്ചറിഞ്ഞത്. ഡോ. ചക്രവര്‍ത്തിതന്നെയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഓക്‌സിജന്‍ സിലിണ്ടറുകളിലെയും ഹുമിഡിഫയറുകളിലെയും സാംപിളുകളില്‍ ഫംഗസ് സാന്നിധ്യം കണ്ടെത്താനുമായില്ല. എയര്‍കണ്ടീഷ്ണറുകള്‍ വഴിയാണ് രോഗം പടരുന്നതെന്ന് ഇത് വ്യക്തമാക്കി.
എയര്‍കണ്ടീഷ്ണറുകളില്‍ ശക്തമായ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് രോഗവ്യാപനം തടയുകയാണ് വേണ്ടതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എയര്‍ വെന്റുകളും എയര്‍ ഷാഫ്റ്റുകളും സോപ്പുവെള്ളത്തില്‍ കഴുകിയും രോഗവ്യാപനം ഇല്ലാതാക്കാം. പഠനം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവും.
തീര്‍ച്ചയായും പ്രമേഹവും സ്റ്റിറോയ്ഡ് ഉപയോഗവും ഈ രോഗബാധയെ സഹായിച്ചിരിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയെ ഇത് കൂടുതല്‍ ബാധിച്ചതിനു കാരണവും അതാകാം.
ഇന്ത്യയിലെ 27 ആശുപത്രികളില്‍ നടത്തിയ പഠനവും ഈ രോഗം കൂടുതല്‍ ബാധിക്കുന്നത് പ്രമേഹരോഗികളെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 1,500 കൊവിഡ് രോഗികളെ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. കൂട്ടത്തില്‍ കൊവിഡ് ബാധിക്കാത്ത 3,000 പേരെയും പരിശോധനക്ക് വിധേയമാക്കി.
കൊവിഡ് രോഗികളില്‍ ഷുഗറിന്റെ അളവ് 700-800 മില്ലി ഗ്രാം വരെ പോകാന്‍ സാധ്യതയുണ്ട്. സാധാരണ ഇത് 120ആണ്. അത്തരം രോഗികളില്‍ ബ്ലാക് ഫംഗസ് സാധ്യത കൂടുതലാണ്.
മറ്റൊരു പഠനപ്രകാരം 85.2 ശതമാനം കൊവിഡുമായി ബന്ധപ്പെട്ട ബ്ലാക് ഫംഗസ് രോഗികളും ഉയര്‍ന്ന പ്രമേഹമുള്ളവരായിരുന്നു.
ആഗോളതലത്തില്‍ 1.7 ദശലക്ഷം പേര്‍ക്ക് 0.005 ശതമാനം ബ്ലാസ് ഫംഗസ് രോഗികളാണ് ഉള്ളത്. ഇന്ത്യയില്‍ അത് ദശലക്ഷത്തിന് 140 ആണ്. അതായത് 80 ഇരട്ടിയിലധികം. രോഗം കണ്ടവരില്‍ 0.27 ശതമാനം രോഗികള്‍ ആശുപത്രി വാര്‍ഡുകളില്‍ ചികില്‍സ തേടിയവരും 1.6 ശതമാനം പേര്‍ ഐസിയുവില്‍ കഴിഞ്ഞവരുമാണ്.
എന്തുകൊണ്ടാണ് ഇന്ത്യയില്‍ മാത്രം എന്നതിന് ഇപ്പോഴും ഉത്തരമില്ല. ഇന്ത്യക്ക് സമാനമാണ് ഈജിപ്തിലെ ആരോഗ്യമേഖല. അവിടെ വളരെ കുറവ് ബ്ലാക് ഫംഗസ് ബാധയേ റിപോര്‍ട്ട് ചെയ്തിട്ടുള്ളു.
ഇന്ത്യയില്‍ തന്നെ സംസ്ഥാനങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. പടിഞ്ഞാറന്‍ ഇന്ത്യയിലാണ് കൂടുതല്‍ രോഗം കണ്ടുവരുന്നത്. തുടര്‍ന്ന് തെക്കേ ഇന്ത്യയിലും വടക്കേ ഇന്ത്യയും കിഴക്കന്‍ ഇന്ത്യയിലും. മഹാരാഷ്ട്രയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്, 10,325 രോഗികള്‍.
രോഗികളുടെ പ്രതിരോധ ശേഷി കുറയുമ്പോഴാണ് ഫംഗസ് ബാധയുണ്ടാകുന്നത്. എച്ച്‌ഐവി, കാന്‍സര്‍ രോഗികളില്‍ ഇത് കാണാന്‍ കഴിയും. സ്റ്റിറോയ്ഡുകളുടെ ഉപയോഗവും മറ്റൊരു കാരണമാണ്.
ഫംഗസുകള്‍ എല്ലായിടത്തുമുണ്ട്. ബ്രഡിലും മറ്റും നമുക്കത് കാണാം. അവ നമ്മുടെ മൂക്കിലൂടെയും വായിലൂടെയും ത്വക്കിലൂടെയും അകത്ത് കടക്കുന്നു. രക്തക്കുഴലിലെത്തിയാല്‍ പെരുകാന്‍ തുടങ്ങും. രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും. രക്തം ലഭിക്കാതെ കോശങ്ങള്‍ കറുത്ത നിറമാകും. അതുകൊണ്ടാണ് ഈ പേര്, അല്ലാതെ ഫംഗസിന് കറുത്തനിറമുള്ളതുകൊണ്ടല്ല.
കൊവിഡ് സാധാരണ പാന്‍ക്രിയാസിനെ ബാധിക്കും. പാന്‍ക്രിയാസാണ് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിച്ച് പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നത്. പഞ്ചസാര നിയന്ത്രിക്കാനായില്ലെങ്കില്‍ പ്രതിരോധം കുറയും. ബ്ലാക് ഫംഗല്‍ ബാധ സാധ്യത കൂടും.
കൊവിഡ് ശ്വാസകോശത്തെ ബാധിക്കുന്നതും മറ്റൊരു പ്രശ്‌നമാണ്.
സ്റ്റിറോയ്ഡുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ആശുപത്രികളിലാണ് രോഗബാധ കൂടുതല്‍ കണ്ടത്. 25 ആശുപത്രികളില്‍ നടത്തിയ പഠനം അത് വെളിപ്പെടുത്തി.
കൊല്‍ക്കത്തയിലെ അംബാനി ആശുപത്രയില്‍ നത്തിയ പഠനത്തില്‍ 13 കൊവിഡ് രോഗികളില്‍ സ്റ്റിറോയ്ഡിന്റെ ഉപയോഗം പരിധി വിട്ടിരുന്നു. 16 പേര്‍ക്ക് കടുത്ത പ്രമേഹമുണ്ടായിരുന്നു. 21 പേര്‍ക്ക് ഓക്‌സിജന്‍ വേണ്ടിവന്നു. ഒരു മാസത്തോളം ഇവര്‍ ആശുപത്രി ഐസിയുവില്‍ കിടന്നു.
25 രോഗികളില്‍ 23 രോഗികള്‍ ആദ്യം ചെറിയ ആശുപത്രികളില്‍ ചികില്‍സ തേടി. അവിടെ സ്റ്റിറോയ്ഡ് ഉപയോഗിച്ചില്ല. സാധാരണ രോഗികളില്‍ 6 എംജി വച്ച് രണ്ട് തവണയാണ് സ്റ്റിറോയ്ഡുകള്‍ നല്‍കുക പതിവ്. എന്നാല്‍ കൊവിഡ് ബാധിച്ച് മരിച്ച ചില രോഗികളുടെ ചികില്‍സാ ചരിത്രം പഠിച്ചപ്പോള്‍ പലരിലും ആറ് തവണ വരെ സ്റ്റിറോയ്ഡ് നല്‍കിയിട്ടുണ്ട്. ഇത് രോഗികളുടെ പ്രതിരോധത്തെ ബാധിച്ചിരിക്കും.
ഓക്‌സിജന്‍ പ്രതിസന്ധിയുണ്ടായതാണ് സ്റ്റിറോയ്ഡുകളുടെ ഉപയോഗത്തിലേക്ക് നയിച്ചത്. പല രോഗികളും പത്ത് ദിവസത്തോളം വീടുകളില്‍ സ്റ്റിറോയ്ഡ് ഉപയോഗിച്ചു. ഒന്നാമത്തെ കൊവിഡ് വ്യാപന സമയത്തേക്കാള്‍ രണ്ടാ തരംഗത്തില്‍ ഓക്‌സിജന്‍ പ്രശ്‌നവും സ്റ്റിറോയ്ഡ് ഉപയോഗവും കൂടുതലായിരുന്നു.
എങ്കിലും ചില പ്രതീക്ഷകളില്ലെന്ന് പറയാനാവില്ല. ആദ്യ ഘട്ടത്തില്‍ 40-50 ശതമാനം ബ്ലാക് ഫംഗസ് രോഗികളും മരണത്തിന് കീഴടങ്ങിയിരുന്നത് ഇപ്പോള്‍ 13 ശതമാനമായി കുറഞ്ഞിട്ടുണ്ട്.