ബിഹാറില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ധിക്കുന്നു; മരുന്നിന് ക്ഷാമം, പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങി
പട്‌ന: കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്നുള്ള വെല്ലുവിളികള്‍ രൂക്ഷമായിരിക്കെ ബിഹാറില്‍ ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു. രോഗം ബാധിച്ച് ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്കാവശ്യമായ മരുന്നില്ലാത്തതാണ് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പട്‌നയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്ന മുന്നൂറിലധികം രോഗികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങിയിരിക്കുകയാണ്. രണ്ടുദിവസമായി മരുന്നില്ലാത്തതിനാല്‍ കുത്തിവയ്പ്പ് നടത്താനായിട്ടില്ല.
കൊവിഡ് ഭേദമായവരില്‍ വ്യാപകമായി കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് അല്ലെങ്കില്‍ മ്യൂക്കോമൈക്കോസിസ് രോഗബാധയ്ക്ക് ഫലപ്രദമായ ചികില്‍സ ലിപോസോമല്‍ ആംഫോട്ടെറിസിന്‍ ബി കുത്തുവയ്പ്പാണ്. ശനിയാഴ്ചയോടെ പ്രതിരോധ മരുന്നിന്റെ വിതരണം നിലച്ചു. ചൊവ്വാഴ്ചയോടെ ഇത് എത്തുമെന്നും കുത്തിവയ്പ്പ് പുനരാരംഭിക്കുമെന്നും ബിഹാര്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കി. എല്ലാ ആശുപത്രികള്‍ക്കും ആവശ്യമായ കുത്തിവയ്പ്പുകള്‍ ചൊവ്വാഴ്ച നല്‍കുമെന്ന് ആരോഗ്യമന്ത്രി മംഗല്‍ പാണ്ഡെ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
ബ്ലാക്ക് ഫംഗസിനുള്ള മരുന്നിനായി കേന്ദ്രത്തെയാണ് പൂര്‍ണമായും ആശ്രയിക്കേണ്ടിവരുന്നതെന്ന് സംസ്ഥാന ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. മരുന്ന് സംഭരണമുള്ളത് കേന്ദ്രത്തില്‍ മാത്രമാണ്. തങ്ങളുടെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്‌നയിലെ രണ്ട് പ്രധാന ആശുപത്രികളായ അഖിലേന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (ഐജിഐഎംസ്) എന്നിവിടങ്ങളില്‍ ശനിയാഴ്ചയാണ് അവസാനമായി മരുന്ന് ലഭിച്ചത്. എന്നാല്‍, മരുന്ന് ബോട്ടിലുകളുടെ എണ്ണം പരിമിതമായിരുന്നു.
രണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ച 200ലധികം രോഗികള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ വളരെ കുറച്ച് മരുന്ന് മാത്രമാണെത്തിയത്. ബ്ലാക്ക് ഫംഗസ് രോഗബാധയെത്തുടര്‍ന്ന് 60 ലധികം രോഗികളില്‍ ശസ്ത്രക്രിയ നടത്തിയ പട്‌ന എയിംസില്‍ ഇപ്പോള്‍ 110 രോഗികളെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരുദിവസം കുറഞ്ഞത് 700 ബോട്ടിലുകള്‍ ഇവിടെ ആവശ്യമാണ്. അക്ഷരാര്‍ത്ഥത്തില്‍ കുത്തിവയ്പ്പുകള്‍ നടത്താത്തതിനാല്‍ ചികില്‍സ തുടരുന്നത് കൂടുതല്‍ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കുത്തിവയ്പ്പ് നടത്തിയിട്ടില്ലെങ്കിലും രോഗികള്‍ക്ക് ശരിയായ പരിചരണം നിഷേധിക്കുന്നില്ലെന്ന് പട്‌ന എയിംസ് നോഡല്‍ ഓഫിസര്‍ ഡോ. സഞ്ജീവ് കുമാര്‍ പ്രതികരിച്ചു. ബദല്‍മാര്‍ഗമെന്ന നിലയില്‍ പോസകോണസോള്‍ ഗുളികകള്‍ നല്‍കുന്നുണ്ട്. കൃത്യമായ മരുന്നില്ലാത്തതിനാല്‍ രോഗം ഭേദമാവുന്നതിന് കാലതാമസം നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ സര്‍ക്കാര്‍ ആശുപത്രിയായ ഐജിഎംഎസില്‍ന് 156 ബ്ലാക്ക് ഫംഗസ് രോഗികളെയാണ് പ്രവേശിപ്പിച്ചിരുന്നത്. ഇവരില്‍ 102 രോഗികള്‍ ഇപ്പോഴും ചികില്‍സയിലുണ്ട്.
ഒരുദിവസം 500 ബോട്ടിലുകള്‍ വേണമെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനീഷ് മണ്ഡല്‍ പറഞ്ഞു. ഇതുവരെ 78 ശസ്ത്രക്രിയകള്‍ നടത്തിയ ഐജിഎംഎസ് ബ്ലാക്ക് ഫംഗസ് രോഗികളെ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് പറയുന്നു. ആംഫോട്ടെറിസിന്‍ ബിയുടെ സാധാരണ ഡോസ് ഉപയോഗിച്ചാലും 72 മണിക്കൂറിനുശേഷം മാത്രമേ ഫലം കാണിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മെയ് 15ന് ബിഹാറില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ധിച്ചുതുടങ്ങി. 400 ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതുവരെ 45 ലധികം പേര്‍ ഈ രോഗം മൂലം മരിച്ചതായാണ് കണക്ക്.