കോഴിക്കോട്: മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കോഴിക്കോടും കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തി. കറുത്ത മാസ്‌കോ വസ്ത്രങ്ങളോ ധരിക്കരുതെന്ന് പോലിസ് നിര്‍ദേശമുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്. പന്തീരാങ്കാവില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. കോഴിക്കോട് റസ്റ്റ് ഹൗസിലുളള മുഖ്യമന്ത്രിക്ക് ഡിസിപിയുടെയും ഡിവൈഎസ്പിമാരുടെയും നേതൃത്വത്തില്‍ വന്‍സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തവനൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന പരിപാടിയിലെത്തിയവരോട് കറുത്ത മാസ്‌ക് മാറ്റാന്‍ പോലിസ് ആവശ്യപ്പെട്ടിരുന്നു.
പകരം പോലിസ് അവര്‍ക്ക് മഞ്ഞ മാസ്‌ക് നല്‍കി. കറുത്ത മാസ്‌ക് കരിങ്കൊടിയായി ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാലാണ് പോലിസ് നിയന്ത്രണം കടുപ്പിച്ചത്. ഇന്നലെയും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്കുണ്ടായിരുന്നു. എന്നാല്‍, കറുത്ത മാസ്‌കിന് വിലക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കുന്ന വിശദീകരണം. കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്കെതിരേ ഇന്നും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. പ്രതിപക്ഷ യുവജന സംഘടനകളുടെ കനത്ത പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ തുടരുകയാണ്.