ലഹരിമരുന്ന് ഉപയോഗം; ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്

Update: 2023-04-25 17:23 GMT

കൊച്ചി: മലയാളത്തിലെ യുവ താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ പറഞ്ഞു. താരസംഘടന 'അമ്മ'കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിന് അടിമകളായ നടന്‍മാരുമായി സഹകരിക്കില്ലെന്നും രണ്ടു നടന്‍മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ നിര്‍മാതാവ് രഞ്ജിത്ത് പറഞ്ഞു. എല്ലാ സംഘടനകളും ചേര്‍ന്ന് ചര്‍ച്ച നടത്തിയത് സിനിമയുടെ നന്മക്കെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. ലഹരി മരുന്ന് ഉപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമാ മേഖലയില്‍. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടന്‍മാരുടെ കൂടെ അഭിനയിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും നിര്‍മ്മാതാക്കളുടെ പരാതിയില്‍ കഴമ്പുണ്ടെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. ലൊക്കേഷനുകളില്‍ കൃത്യമായി എത്താന്‍ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയ്ന്‍ നിഗവും പിന്തുടരുന്നത്. ഇത് നിര്‍മാതാക്കളുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകള്‍ ഇത്തരത്തിലുള്ള തീരുമാനത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News