പ്രവാചകനിന്ദ ആവിഷ്‌കാര സ്വാതന്ത്ര്യമല്ല: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍
മോസ്‌കോ: പ്രവാചകനിന്ദ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. മുഹമ്മദ് നബിയെ നിന്ദിക്കുന്നത് മതസ്വാതന്ത്ര്യം ലംഘിക്കുന്നതും ഇസ് ലാമിക വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ചിത്രങ്ങളോടൊപ്പം നാസികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം നീക്കങ്ങള്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാവും. ചാര്‍ലി ഹെബ്ദോ മാസികയുടെ എഡിറ്റോറിയല്‍ ഓഫിസിനെതിരേ നടന്ന ആക്രമണങ്ങള്‍ അദ്ദേഹം തെളിവായി എടുത്തുകാട്ടി.
കലാകാരന്മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന് പരിധികളും പരിമിതികളുമുണ്ടെന്ന് അദ്ദേഹം പരഞ്ഞു. റഷ്യ വംശീയമായും വിശ്വാസപരമായും ബഹുസ്വരതയിലൂന്നിയ സമൂഹമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും ഓരോരുത്തരും മാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പല രാജ്യങ്ങളിലും ഇത്തരം പരസ്പര ബഹുമാനം കുറഞ്ഞുവരുന്നതായും അദ്ദേഹം പറഞ്ഞു.