ലഖ്‌നോ: ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെയും നവീന്‍ ജിന്‍ഡാലിന്റെയും പ്രവാചനക നിന്ദക്കെതിരേ യുപിയില്‍ വ്യാപക പ്രതിഷേധം. മൊറാദാബാദ്, സഹാറന്‍പൂര്‍, ഫിറോസാബാദ് ജില്ലകളിലാണ് വലിയപ്രതിഷേധം അരങ്ങേറിയത്. പ്രയാഗ് രാജില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. കല്ലേറുണ്ടായതായി പോലിസ് ആരോപിക്കുന്നു.
റിപോര്‍ട്ട് അനുസരിച്ച് സഹാറന്‍പൂരില്‍ 38 പേരെ അറസ്റ്റ് ചെയ്തു. പ്രയാഗ് രാജില്‍ 15, ഹാഥ്രസില്‍ 24, മൊറാദാബാദില്‍ 7, ഫിറോസാബാദ് 2, അംബേദ്കര്‍നഗര്‍ 23 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം.
ഒരു റാപിഡ് ആക്ഷന്‍ ജവാന് പരിക്കേറ്റതായി യുപി അഡിജി പ്രശാന്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടിടങ്ങളില്‍ കല്ലേറുണ്ടായി. സഹാറന്‍പൂര്‍, റിറോസാബാദ് എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായെങ്കിലും വേഗം കെട്ടടങ്ങി- അദ്ദേഹം പറഞ്ഞു.
ഖുല്‍ദാബാദ് പോലിസ് സ്‌റ്റേഷന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ നമസ്‌കാരം സമാധാനപരമായി നടന്നുവെന്നും മുതിര്‍ന്നവര്‍ വീട്ടിലേക്ക് മടങ്ങിയ ശേഷം കുട്ടികള്‍ പ്രശ്‌നമുണ്ടാക്കിയതായി പ്രയാഗ് രാജ് എസ്എസ്പി അജയ് കുമാര്‍ അവകാശപ്പെട്ടു.
യുപിയില്‍ പലയിടങ്ങളിലും പോലിസ് പ്രക്ഷോഭകര്‍ക്കുനേരെ ബലം പ്രയോഗിച്ചിട്ടുണ്ട്. അത് പലയിടങ്ങളിലും സംഘര്‍ഷത്തിനു കാരണമായി.