കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം ജയം. ജംഷഡ്പൂര്‍ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. 74-ാം മിനിറ്റില്‍ നായകന് അഡ്രിയാന്‍ ലൂണയുടേതാണ് വിജയഗോള്‍. രണ്ട് മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറി.ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇരുടീമുകള്‍ക്കും മികച്ചത് എന്ന് പറയുവാന്‍ കഴിയുന്ന നീക്കങ്ങള്‍ ആദ്യ പകുതിയില്‍ ഉണ്ടായില്ല. രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ ആവേശം കരുത്താര്‍ജിച്ചത്. മലയാളി താരം എമില്‍ ബെന്നിയെ ഇറക്കി ജംഷഡ്പൂര്‍ ബ്ലാസ്റ്റേഴ്സിനെ പരീക്ഷിച്ചു. പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍കീപ്പര്‍ സച്ചിന് സുരേഷിനെ മറികടന്ന് ഒരു പന്തും പോയില്ല. ജംഷഡ്പൂര്‍ ആക്രമണം കടുപ്പിച്ചതോടെ ബ്ലാസ്റ്റേഴ്സ് വജ്രായുധം പുറത്തെടുത്തു.
ദിമിത്രിയോസ് ഡയമന്റക്കോസിനെ 62-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ ബുദ്ധിപൂര്‍വ്വമായ പ്രകടനമാണ് നടന്നത്. 74-ാം മിനിറ്റില്‍ കൊച്ചിയില്‍ മഞ്ഞക്കടലാരവം സൃഷ്ടിച്ച് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ പിറന്നു. അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. പിന്നീട് പന്തിന്റെ നിയന്ത്രണം നിലനിര്‍ത്താനായിരുന്നു ബ്ലാസ്റ്റേഴ്സ് ശ്രമം. ബാക്കിയുള്ള 16 മിനിറ്റിലും ഇഞ്ചുറി ടൈമിലെ ഏഴ് മിനിറ്റിലും ജംഷഡ്പൂരിന് മറുപടി ഗോള്‍ നല്‍കാനായില്ല.