വ്യാജ അവകാശവാദത്തിലൂടെ ചികിത്സാ സഹായം തടയല്‍; ആശുപത്രിയിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തി

Update: 2021-08-20 17:11 GMT
മുഴപ്പിലങ്ങാട്: എസ്എംഎ ജനിതക രോഗം ബാധിച്ച ഇനാറ മറിയം എന്ന കുട്ടിയുടെ അടിയന്തിര ചികിത്സക്ക് തടസ്സം സൃഷ്ടിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് ചാല ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് കുട്ടിയുടെ ചികിത്സാ സമിതി മാര്‍ച്ച് നടത്തി. കൊവിഡ് നിയന്ത്രണങ്ങളും ശാരീരിക അകലവും പാലിച്ച് ഇരുപത് പേരുടെ സംഘങ്ങളായി നടന്ന മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.


അപൂര്‍വ രോഗം ബാധിച്ച ഇനാറയുടെ അടിയന്തിരചികിത്സക്ക് 18 കോടി രൂപ കണ്ടെത്തുന്നതിന് സര്‍വ്വകക്ഷി കമ്മിറ്റി ശ്രമം നടത്തുന്നതിനിടെ കേരളത്തിലെ 36 എസ്എംഎ രോഗികള്‍ക്ക് തീര്‍ത്തും സൗജന്യമായി കോടികള്‍ വിലവരുന്ന മരുന്ന് നല്‍കുന്നു എന്ന വാസ്തവവിരുദ്ധമായ വാര്‍ത്ത പത്രങ്ങളില്‍ നല്‍കിയതിനാല്‍ ഇനാറക്ക് വേണ്ടിയുള്ള ധനസമാഹരണ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടിയുണ്ടായതായി ചികില്‍സാ സമിതി ആരോപിച്ചു. യഥാര്‍ത്ഥത്തില്‍ മരുന്നുകമ്പനി ലോകത്തുടനീളമുള്ള മരുന്ന് അപേക്ഷകരുടെ പേരുകള്‍ നറുക്കിട്ടെടുത്ത് ഓരോ രാജ്യത്തും അപൂര്‍വം ചിലര്‍ക്ക് സൗജന്യമായി നല്‍കുന്ന പദ്ധതിയിലേക്ക് രോഗികളുടെ പേര് രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് ആശുപത്രി ചെയ്തിട്ടുള്ളത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി തെറ്റായ വാര്‍ത്ത തിരുത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.


ആശുപത്രിക്ക് സുശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ജനറല്‍ കണ്‍വീനര്‍ പി ഹമീദ് , ട്രഷറര്‍ ഹാഷിം ബപ്പന്‍, വൈസ് ചെയര്‍മാന്‍മാരായ എ കെ ഇബ്‌റാഹീം, തറമ്മല്‍ നിയാസ്, കണ്‍വീനര്‍മാരായ ഹുസീബ് ഉമ്മലില്‍, കെ ടി റസാഖ്, എം കെ അബൂബക്കര്‍., എ പി ശാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Tags:    

Similar News