ബോംബ് ഭീഷണി; മോസ്‌കോ- ഗോവ ചാര്‍ട്ടേര്‍ഡ് വിമാനം ഗുജറാത്ത് ജാംനഗറില്‍ ഇറക്കി
മുംബൈ: ബോംബ് ഭീഷണിയെത്തുടര്‍ന്നു മോസ്‌കോ- ഗോവ ചാര്‍ട്ടേര്‍ഡ് വിമാനം അടിയന്തരമായി ഗുജറാത്തിലെ ജാംനഗറില്‍ ഇറക്കി. ഗോവയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. വിമാനത്തില്‍ സ്‌ഫോടക വസ്തു ഉണ്ടെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് 9.49ന് വിമാനം സുരക്ഷിതമായി ജാംനഗര്‍ വിമാനത്താവളത്തില്‍ ഇറക്കി. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് ജാംനഗര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു. 236 യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 244 പേരും സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിച്ചതായും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പ്രസ്തുത വിമാനം ഐസൊലേഷന്‍ ബേയിലാണെന്ന് ജാംനഗര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു. പോലിസും ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്‌പോസല്‍ സ്‌ക്വാഡും ചേര്‍ന്ന് വിമാനം പരിശോധിച്ചതായി രാജ്‌കോട്ട്, ജാംനഗര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് അശോക് കുമാര്‍ യാദവ് പറഞ്ഞു.