ലൈംഗികാക്രമണക്കേസില്‍ വിചിത്ര വിധിയുമായി വീണ്ടും ബോംബെ ഹൈക്കോടതി: പീഡനക്കേസ് പ്രതിയെ കുറ്റവിമുക്തനാക്കി

ലൈംഗികാക്രമണക്കേസില്‍ മുന്‍പ് രണ്ട് തവണയും ഇരയ്ക്ക് നീതി നിഷേധിക്കുന്ന തരത്തില്‍ പുഷ്പ ഗനേഡിവാല നടത്തിയ വിധി വിവാദമായിരുന്നു.

Update: 2021-01-30 11:10 GMT
മുംബൈ: ലൈംഗികാക്രമണ കേസുകളില്‍ വിചിത്ര ഉത്തരവുകളിലൂടെ ശ്രദ്ധേയായ മുംബൈ ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേഡിവാലയില്‍ നിന്നും മറ്റൊരു വിധി കൂടി. 'ബലപ്രയോഗം നടത്താതെ ഒരാള്‍ക്ക് ഒറ്റയ്ക്ക് ഇരയുടെ വസ്ത്രങ്ങള്‍ നീക്കാന്‍ സാധിക്കില്ല' എന്ന അഭിപ്രായ പ്രകടനത്തോടെ പീഡനക്കേസില്‍ നിന്ന് പ്രതിയെ കുറ്റവിമുക്തനാക്കി. ഇത് മൂന്നാം തവണയാണ് പീഡനത്തില്‍ ഇരയ്ക്ക് നീതി നിഷേധിക്കുന്ന സമീപനം ജഡ്ജിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.


2013, ജൂലൈ 26 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിക്ക് 15 വയസുള്ളപ്പോഴാണ് അയല്‍വാസിയായ സൂരജ് കസര്‍കാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കുന്നതും കേസ് കോടതിയില്‍ എത്തുന്നതും. ഇരുവരും പരസ്പര സമ്മതത്തോടെയാണ് ബന്ധത്തിലേര്‍പ്പെട്ടതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആ സമയത്ത് ഇരയുടെ വയസ് 18ന് മുകളിലായിരുന്നുവെന്നും പ്രതിഭാഗം വാദിക്കുന്നു. ഈ വാദം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ജഡ്ജിയുടെ വിധി. ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ബലപ്രയോഗം നടത്താതെ ഇരയുടെ വസ്ത്രം നീക്കുവാനോ, വായില്‍ തുണി തിരുകി നിശബ്ധയാക്കുവാനോ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ബലപ്രയോഗം സംബന്ധിച്ച് പ്രോസിക്യൂഷന്റെ വാദങ്ങളെ സാധൂകരിക്കാന്‍ മെഡിക്കല്‍ തെളിവുകളുമില്ലെന്ന് ബോംബേ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബഞ്ച് ജഡ്ജി പുഷ്പ ഗനേഡിവാല വിധിച്ചു. പ്രതിയെ കുറ്റവിമുക്തനാക്കുന്നതായും അവര്‍ പറഞ്ഞു.


ലൈംഗികാക്രമണക്കേസില്‍ മുന്‍പ് രണ്ട് തവണയും ഇരയ്ക്ക് നീതി നിഷേധിക്കുന്ന തരത്തില്‍ പുഷ്പ ഗനേഡിവാല നടത്തിയ വിധി വിവാദമായിരുന്നു. തൊലി തമ്മില്‍ ചേരാതെ വസ്ത്രത്തിന് പുറത്തൂടെ മാറിടത്തില്‍ തൊട്ടത് പോക്‌സോ പ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് പുഷ്പ പറഞ്ഞത്. പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുന്നതും, പാന്റിന്റെ സിപ് അഴിക്കുന്നതും ലൈംഗിക അതിക്രമമല്ലെന്നായിരുന്നു മറ്റൊരു വിധിയില്‍ അവര്‍ അഭിപ്രായപ്പെട്ടത്. പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ വിവാദ ഉത്തരവുകളെ തുടര്‍ന്ന് സുപ്രിം കോടതി കൊളീജിയം പിന്‍വലിച്ചിട്ടുണ്ട്.




Tags:    

Similar News