ലതാ മങ്കേഷ്‌കറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബോംബെ ഹൈക്കോടതി ഇന്ന് എല്ലാ ജുഡീഷ്യല്‍ നടപടികളും നിര്‍ത്തിവെക്കും

മഹാരാഷ്ട്ര, സൗത്ത്, നോര്‍ത്ത് ഗോവ, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, സില്‍വാസ്സ എന്നിവിടങ്ങളിലെ കീഴ് കോടതികളും തിങ്കളാഴ്ച അടച്ചിടുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു

Update: 2022-02-07 04:23 GMT

മുംബൈ:ഗായിക ലതാമങ്കേഷ്‌കറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി തിങ്കളാഴ്ച ബോംബെ ഹൈക്കോടതിയുടെ എല്ലാ ബെഞ്ചുകളിലെയും എല്ലാ ജുഡീഷ്യല്‍ നടപടികളും നിര്‍ത്തിവെക്കും. മഹാരാഷ്ട്ര, സൗത്ത്, നോര്‍ത്ത് ഗോവ, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, സില്‍വാസ്സ എന്നിവിടങ്ങളിലെ കീഴ് കോടതികളും തിങ്കളാഴ്ച അടച്ചിടുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഗായികയുടെ മരണത്തില്‍ അനുശോചിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.

കൊവിഡും,ന്യൂമോണിയയും ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചായിരുന്നു ലതാ മങ്കേഷ്‌കറിന്റെ അന്ത്യം.ലതാമങ്കേഷ്‌കറുടെ സ്മരണയ്ക്കായി കേന്ദ്രം രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.ആദരസൂചകമായി ഈ രണ്ടുദിവസം ഇന്ത്യയിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.പ്രിയഗായികയെ അവസാനമായി ഒരുനോക്ക് കാണാന്‍ പ്രധാമന്ത്രിയടക്കമുള്ള പ്രമുഖര്‍ മുംബൈയില്‍ എത്തിയിരുന്നു.

Tags:    

Similar News