കോഴിക്കോട് ലോഡ്ജിലെ യുവതിയുടെ കൊലപാതകം; കേസിലെ പ്രതി സംസ്ഥാനം വിട്ടതായി പോലിസ്
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലപാതകത്തിലെ പ്രതി സംസ്ഥാനം വിട്ടെന്ന് പോലിസ്. ഇതോടെ പ്രതി അബ്ദുള്‍ സനൂഫിനായിയുള്ള തിരച്ചില്‍ പോലിസ് ഊര്‍ജ്ജിതമാക്കി. തിരുവില്വാമല സ്വദേശി സനൂഫ് സുഹൃത്തിന്റെ വാഹനമുപയോഗിച്ചാണ് രക്ഷപ്പെട്ടത്.
മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ഇന്നലെ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫസീല ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പറയുന്നു. ഇതോടെയാണ് ഫസീലയുടെ കൂടെയുണ്ടായിരുന്ന തൃശൂര്‍ സ്വദേശി അബ്ദുല്‍ സനൂഫിന് വേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
തിങ്കളാഴ്ച രാത്രി പത്തു മണിയോടെ യുവാവ് ലോഡ്ജ് ജീവനക്കാരുമായി വാടക സംബന്ധിച്ച് സംസാരിച്ചു. തുടര്‍ന്നു പുറത്തിറങ്ങിയ ഇയാള്‍ തിരിച്ചെത്തിയില്ല. യുവാവ് ലോഡ്ജില്‍ നല്കിയ വിലാസവും ഫോണ്‍ നമ്പരും വ്യാജമാണെന്ന് പോലിസ് പറഞ്ഞു. അബ്ദുള്‍ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍ പാലക്കാട് ചക്കന്തറയില്‍ കണ്ടെത്തി. ഇയാള്‍ക്ക് വേണ്ടി ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിട്ടുണ്ട്.