ബ്രഹ്മപുരം തീപ്പിടിത്തം: കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് ഇന്ന് അവധി
കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സമീപപഞ്ചായത്തുകളിലെ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് അവധി പ്രഖ്യാപിച്ചു. അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യം റിപോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി വടവുകോട്- പുത്തന്‍കുരിശ് ഗ്രാമപ്പഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപ്പഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നീ തദ്ദേശസ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്റുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കും. അതേസമയം, മുന്‍കൂട്ടി തീരുമാനിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ രേണു രാജ് അറിയിച്ചു.
അതേസമയം, മാലിന്യപ്ലാന്റിലെ തീ പൂര്‍ണമായി അണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നഗരത്തില്‍ വ്യാപിച്ച പുക പടലങ്ങള്‍ക്ക് കുറവുണ്ടെങ്കിലും കനത്ത മുന്‍കരുതല്‍ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. പൊതുജനങ്ങള്‍ പ്രഭാത നടത്തം ഉള്‍പ്പെടെ ഒഴിവാക്കണമെന്നും വീടുകളില്‍ കഴിയണമെന്നും ഇന്നലെ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. അന്തരീക്ഷത്തിലെ വിഷസാന്നിധ്യം കുറയ്ക്കാന്‍ ബ്രഹ്മപുരത്ത് ഓക്‌സിജന്‍ കിയോക്‌സ് തുറക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. നിലവില്‍ കൊച്ചി നഗരത്തിലെ പാലാരിവട്ടം, കലൂര്‍ സ്‌റ്റേഡിയം ഭാഗങ്ങളില്‍ പുകനിറഞ്ഞ സാഹചര്യമാണ്.