മുത്തങ്ങ ചെക്ക്‌പോസ്റ്റിലെ കൈക്കൂലി; അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2022-12-27 00:59 GMT

കല്‍പ്പറ്റ: മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. രേഖകളില്ലാതെ പിടികൂടിയ സ്വര്‍ണം വിട്ടുകൊടുക്കാന്‍ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. കര്‍ണാടകയില്‍നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്ന ഒരുകിലോ സ്വര്‍ണം രേഖകളില്ലാത്തതിന്റെ പേരില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിന്നീട് സ്വര്‍ണം വിട്ടുനല്‍കാന്‍ യാത്രക്കാരനോട് രണ്ടുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. 10 ദിവസം മുമ്പാണ് സംഭവം.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ ജോസഫ്, പ്രിവന്റീവ് ഓഫിസര്‍മാരായ ചന്തു, ജോണി, മറ്റ് രണ്ട് സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ആരോപണമുയര്‍ന്ന ഉടന്‍തന്നെ ഇവരെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് എക്‌സൈസ് ഇന്റലിജന്‍സ് അന്വേഷണം നടത്തി. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പലരില്‍ നിന്നായി പരാതികള്‍ ലഭിച്ചിരുന്നു. പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണറാണ് നടപടിയെടുത്തത്.

Tags:    

Similar News