25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പിടിയില്‍
കോട്ടയം ജില്ലാ ഓഫിസര്‍ എ എം ഹാരിസാണ് പിടിയിലായത്.
കോട്ടയം: കോട്ടയത്ത് കൈക്കൂലി വാങ്ങിയതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി. കോട്ടയം ജില്ലാ ഓഫിസര്‍ എ എം ഹാരിസാണ് പിടിയിലായത്. ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഇയാളില്‍ നിന്ന് 25000 രൂപയും പിടിച്ചെടുത്തു.
പാലാ സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് നടപടി. പ്രവിത്താനത്തുള്ള റബര്‍ ട്രേഡിങ് കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. മുമ്പ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായ ജോസ് മോന്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സ്ഥലം മാറി വന്ന ഹാരിസ് 25000 രൂപ ആവശ്യപ്പെടുകയായിരുന്നു. 2016 മുതല്‍ ലൈസന്‍സിനായി ഓഫിസ് കയറിയിറങ്ങുകയാണെന്ന് പരാതിക്കാരന്‍ പറയുന്നു.
കൈക്കൂലി ചോദിച്ച മുന്‍ ഉദ്യോഗസ്ഥന്‍ ജോസ്‌മോന്‍ കേസില്‍ രണ്ടാം പ്രതിയാണ്. കോടതി ഉത്തരവ് ഉണ്ടായിട്ടും ലൈസന്‍സ് കൊടുക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല.