കൈക്കൂലി: രണ്ടു വില്ലേജ് അസിസ്റ്റന്റുമാര്‍ റിമാന്റില്‍; ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തു

കോങ്ങാട് ഒന്നാം വില്ലേജ് ഓഫിസിലെ കെ ആര്‍ മനോജ്, ടി ജി പ്രസന്നന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Update: 2022-01-08 01:25 GMT

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെ സസ്‌പെന്‍ഡ് ചെയ്തു. കോങ്ങാട് ഒന്നാം വില്ലേജ് ഓഫിസിലെ കെ ആര്‍ മനോജ്, ടി ജി പ്രസന്നന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതു സംബന്ധിച്ച ഉത്തരവ് കലക്ടര്‍ പുറത്തിറക്കി. അറസ്റ്റിലായ ഇരുവരെയും തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

തുടര്‍ന്ന് ഇരുവരെയും തൃശൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റി.ചല്ലിക്കല്‍ സ്വദേശി കുമാരന്റെ കൈയില്‍നിന്ന് 55,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് ഇവര്‍ വിജിലന്‍സിന്റെ പിടിയിലായത്. കുമാരന് പൈതൃകസ്വത്തായ 53 സെന്റ് സ്ഥലത്തിനുപുറമേ 16 സെന്റ് സ്ഥലം കൈവശമുണ്ടായിരുന്നു. ക്യാന്‍സര്‍ രോഗിയായ മകളുടെ ചികത്സയ്ക്കും മറ്റ് ചെലവിനുമായി പണം കണ്ടെത്താന്‍ ഈ സ്ഥലത്തിന് പട്ടയം കിട്ടാന്‍ ഇയാള്‍ അപേക്ഷ നല്‍കി. ഇതിനാണ് പണം ആവശ്യപ്പെട്ടത്. ഇവര്‍ മുമ്പും പലതവണ പണം ആവശ്യപ്പെട്ടിട്ടുണ്ട് നാട്ടുകാര്‍ പറഞ്ഞു.

രേഖകള്‍ ശരിയാക്കാന്‍ ഒരു ലക്ഷം രൂപയാണ് കുമാരനോട് ഇവര്‍ ആവശ്യപ്പെട്ടത്. വിസമ്മതിച്ചെങ്കിലും ഗത്യന്തരമില്ലാതെ 55,000 രൂപ നല്‍കാമെന്നേറ്റു, ബുധനാഴ്ച 5,000 രൂപ നല്‍കിയശേഷം വിവരം വിജിലന്‍സിനെ കുമാരന്‍ അറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ കോങ്ങാട് സഹകരണ ബാങ്കിലെത്തി സ്വര്‍ണം പണയപ്പെടുത്തി ലഭിച്ച 50,000 രൂപ മനോജിനും പ്രസന്നനും കൈമാറുന്നതിനിടെയാണ് വിജിലന്‍സ് സംഘം ഇരുവരെയും പിടികൂടിയത്. ജില്ലാ വിജിലന്‍സ് ഡിവൈഎസ്പി ഷംസുദ്ദീന്‍, സബ് ഇന്‍സ്‌പെക്ടര്‍ ബി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Tags:    

Similar News