കൊളോണിയല്‍കാലത്ത് ഇന്ത്യയുടെ സമ്പത്തിന്റെ പകുതിയോളം ബ്രിട്ടന്‍ കൈക്കലാക്കി: ഓക്‌സ്ഫാം റിപോര്‍ട്ട്

ആധുനിക ബഹുരാഷ്ട്ര കുത്തകകള്‍ കൊളോണിയലിസത്തിന്റെ സൃഷ്ടി മാത്രമാണെന്ന് പഠനം അടിവരയിടുന്നു

Update: 2025-01-21 09:04 GMT
കൊളോണിയല്‍കാലത്ത് ഇന്ത്യയുടെ സമ്പത്തിന്റെ പകുതിയോളം ബ്രിട്ടന്‍ കൈക്കലാക്കി: ഓക്‌സ്ഫാം റിപോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായ 10%, കൊളോണിയല്‍ ഇന്ത്യയുടെ സമ്പത്തിന്റെ പകുതിയോളം കവര്‍ന്നെടുത്തെന്ന് റിപോര്‍ട്ട്. 1765 നും 1900 നും ഇടയില്‍ കൊളോണിയല്‍ ഇന്ത്യയില്‍ നിന്ന് യുകെ 64.82 ട്രില്യണ്‍ ഡോളര്‍ കൈക്കലാക്കിയെന്നും 10 ശതമാനം ബ്രിട്ടീഷുകാര്‍ ഇതില്‍ 33.8 ട്രില്യണ്‍ ഡോളര്‍ സമ്പാദിച്ചതായും ഓക്‌സ്ഫാമിന്റെ ഏറ്റവും പുതിയ റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ശതകോടീശ്വരന്മാരുടെ സമ്പത്ത് മൂന്ന് മടങ്ങ് വേഗത്തില്‍ വര്‍ധിച്ചുവെന്നും ഇത് പ്രതിദിനം 5.7 ബില്യണ്‍ ഡോളര്‍ എന്ന നിലക്കാണെന്നും ഓക്‌സ്ഫാമിന്റെ പുതിയ റിപോര്‍ട്ട് അടിവരയിടുന്നു.

100 വര്‍ഷത്തിലേറെയായി കൊളോണിയല്‍ ഇന്ത്യയില്‍ നിന്നുണ്ടാക്കിയ പണത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഗുണഭോക്താവാണ് യുകെയില്‍ പുതുതായി ഉയര്‍ന്നുവരുന്ന മധ്യവര്‍ഗമെന്ന് ഓക്‌സ്ഫാം പറയുന്നു. 1750-ല്‍, ആഗോള വ്യാവസായിക ഉല്‍പാദനത്തിന്റെ ഏകദേശം 25 ശതമാനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലായിരുന്നു. എന്നിരുന്നാലും, 1900 ആയപ്പോഴേക്കും ഈ കണക്ക് കേവലം 2 ശതമാനമായി കുറഞ്ഞു. ഏഷ്യന്‍ തുണിത്തരങ്ങള്‍ക്കെതിരെ കര്‍ശനമായ സംരക്ഷണ നയങ്ങള്‍ നടപ്പാക്കി ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനം തകര്‍ത്തത് കൊളോണിയലിസമാണെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തി.

നിരവധി പഠനങ്ങളും ഗവേഷണ പ്രബന്ധങ്ങളും ഉദ്ധരിച്ചുകൊണ്ട് ആധുനിക ബഹുരാഷ്ട്ര കുത്തകകള്‍ കൊളോണിയലിസത്തിന്റെ സൃഷ്ടി മാത്രമാണെന്ന് പഠനം അടിവരയിടുന്നു. ഡച്ച്, ബ്രിട്ടീഷ് കൊളോണിയല്‍ സ്റ്റേറ്റുകള്‍ കോളനികളില്‍ തങ്ങളുടെ ഭരണം ഉറപ്പിക്കാന്‍ കറുപ്പ് വ്യാപാരം ഉപയോഗിക്കുന്നവരാണെന്നും ഓക്‌സ്ഫാം ആരോപിച്ചു.

കിഴക്കന്‍ ഇന്ത്യയിലെ ദരിദ്ര പ്രദേശങ്ങളില്‍ വ്യാവസായിക തോതില്‍ പോപ്പി കൃഷി ചെയ്ത് ചൈനയിലേക്ക് കയറ്റുമതി ചെയ്തുവെന്നും ഒടുവില്‍ അത് കറുപ്പ് യുദ്ധത്തിനിടയാക്കിയെന്നും പഠനം വ്യക്തമാക്കുന്നു. സാമ്പത്തികമായി അസമത്വം അനുഭവിക്കുന്ന ലോകത്തെ സൃഷ്ടിക്കുന്നതിന് ആക്കം കൂട്ടുന്ന പ്രവര്‍ത്തികളായിരുന്നു ഇതെല്ലാം എന്നും ഓക്‌സ്ഫാം പറയുന്നു.

Tags:    

Similar News