കട്ടപ്പന: ബഫര്‍സോണ്‍ വിഷയത്തില്‍ കൃഷി മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ആഗസ്ത് 27ന് ഇടുക്കിയിലെ ദേവികുളം താലൂക്കില്‍ ഹര്‍ത്താല്‍. ഇടുക്കി ജനകീയ കൂട്ടായ്മ പ്രതിരോധസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൃഷിമന്ത്രി അടിമാലിയിലെത്തുന്ന പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതെന്ന് ചെയര്‍മാന്‍ റസാക്ക് ചൂരുവേലില്‍ അറിയിച്ചു.
ജനവാസ, കൃഷിയിട മേഖലകളെ ബഫര്‍ സോണില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയായിരുന്നു ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. നേരത്തെ 2019ല്‍ വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന് ജനവാസ കേന്ദ്രങ്ങളടക്കം വനമേഖലയ്ക്ക് ഒരു കിലോമീറ്റര്‍ വരെയുള്ള പ്രദേശം ബഫര്‍ സോണായി നിശ്ചയിച്ചതും ഇടതുസര്‍ക്കാര്‍ തന്നെയായിരുന്നു.
അതിനുമുമ്പാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ പി പ്രസാദ് 2017ല്‍ ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. മൂന്നാര്‍ അതീവ പരിസ്ഥിതി ലോലപ്രദേശമാണെന്നും പ്രദേശത്ത് ഒട്ടേറെ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെന്നും 2017ല്‍ പി പ്രസാദ് നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന് ചുറ്റും 10 കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജിയിലൂടെ ഇദ്ദേഹം ആവശ്യപ്പെട്ടത്. വന്യജീവി, പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ വിവിധ വകുപ്പുകള്‍ പ്രയോഗിക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ടായിരുന്നു.
ജനവാസ കേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കി അന്തിമ വിജ്ഞാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത് ഉള്‍പ്പെടെയുള്ള വനംവകുപ്പിന്റെ എല്ലാ നടപടികളും അംഗീകരിച്ചാണ് ഇപ്പോള്‍ ഇറക്കിയിരിക്കുന്ന പുതിയ ഉത്തരവ്. കൃഷിമന്ത്രിയുടെ ഈ നിലപാടും സര്‍ക്കാരിന്റെ നിലപാടും തമ്മിലുള്ള പൊരുത്തമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികള്‍ പ്രതിഷേധിക്കുന്നത്.