പള്ളി നിര്‍മിക്കുന്നത് മതസൗഹാര്‍ദത്തിന് എതിരല്ല; മുസ്‌ലിം പള്ളി നിര്‍മാണം തടയാന്‍ ആവശ്യപ്പെട്ട ഹരജി ഹൈക്കോടതി തള്ളി
ക്ലാപ്പന പഞ്ചായത്തില്‍ പള്ളി നിര്‍മിക്കുന്നതിനെതിരെ കോടതിയില്‍ സമര്‍പ്പിച്ച ഹരജികളാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയത്.
കൊച്ചി: കൊല്ലം ജില്ലയില്‍ മുസ്‌ലിം പള്ളി നിര്‍മിക്കുന്നത് ചോദ്യം ചെയ്ത നല്‍കിയ ഹരജി കേരള ഹൈക്കോടതി തള്ളി. കൊല്ലത്തെ ക്ലാപ്പനയില്‍ പള്ളി നിര്‍മിക്കുന്നത് മതസൗഹാര്‍ദം തകരുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
ക്ലാപ്പന പഞ്ചായത്തില്‍ പള്ളി നിര്‍മിക്കുന്നതിനെതിരെ കോടതിയില്‍ സമര്‍പ്പിച്ച ഹരജികളാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയത്. ഹരജി പരിഗണിക്കവെ സംസ്ഥാനത്തെ മതസൗഹാര്‍ദത്തെ പറ്റി കോടതി പ്രത്യേകം പരാമര്‍ശിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ മോഹനന്‍, ശശി എന്നിവരായിരുന്നു ഹരജി സമര്‍പ്പിച്ചത്.
ക്ലാപ്പന പഞ്ചായത്ത് പള്ളിക്ക് നിര്‍മാണ അനുമതി നല്‍കിയത് നിയമവിരുദ്ധമാണെന്നായിരുന്നു ഹരജിയിലെ വാദം. അനുമതി നല്‍കിയത് നിയമപരമാണെന്ന് വിശദീകരിച്ച കോടതി, രാജ്യത്തിന്റെ പുരോഗതിക്കും പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കുന്നതിനും മതമൈത്രി നല്‍കുന്ന സംഭാവന വലുതാണെന്ന് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കിടയിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുമെന്ന് കരുതുന്നില്ലെന്നും ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
ശബരിമലയിലെ അയ്യപ്പനും വാവരും അര്‍ത്തുങ്കല്‍ വെളുത്തച്ചനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള ഐതിഹ്യകഥകള്‍ എടുത്തുപറഞ്ഞ കോടതി, കേരളത്തിലെ സാമുദായിക ഐക്യത്തിന്റെ സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും നിരീക്ഷിച്ചു. ശബരിമല തീര്‍ഥാടന സമയത്ത് ഭക്തര്‍ വാവര്‍ പള്ളിയും അര്‍ത്തുങ്കല്‍ ബസിലിക്കയും സന്ദര്‍ശിക്കാറുണ്ട്. ഇവര്‍ അയ്യപ്പഭക്തര്‍ക്ക് ആതിഥേയത്വം നല്‍കാറുമുണ്ട്. ഇത്തരം ആചാരങ്ങള്‍ കേരളത്തിലെ പല ഉല്‍സവങ്ങളിലും തുടരുന്നുണ്ട്. മതങ്ങള്‍ തമ്മിലുള്ള ശക്തമായ ഈ ബന്ധം തകര്‍ക്കാന്‍ ഏതെങ്കിലും പൗരന്മാര്‍ ശ്രമിക്കുമെന്ന് തോന്നുന്നില്ല കോടതി നിരീക്ഷിച്ചു.