മാള: കോട്ടമുറിയില്‍ ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണം. ചക്കനാലി സരസന്റെ വീട് കുത്തിത്തുറന്ന് ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന വീഡിയോ ക്യാമറ, നിരീക്ഷണ ക്യാമറയുടെ ഡിവിആര്‍ എന്നിവയാണ് മോഷ്ടിച്ചത്. സരസനും ഭാര്യയും ഇറ്റലിയിലാണ്.
ഇലക്ട്രീഷനായ സോമന്‍ വൈദ്യുതി കണക്ഷന്റെ തകരാര്‍ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തുറന്ന നിലയില്‍ കണ്ടത്. സരസന്റെ ബന്ധുവാണ് വീട് നോക്കിയിരുന്നത്.
വ്യാഴാഴ്ച വൈകീട്ട് അടുത്ത വീട്ടിലെ സ്ത്രീ വീട് അടഞ്ഞുകിടക്കുന്നത് കണ്ടിരുന്നു. അതുകൊണ്ട് കഴിഞ്ഞ രാത്രിയായിരിക്കും മോഷണം നടന്നതെന്ന നിഗമനത്തിലാണ്. മുന്‍വശത്തെ വാതിലിന്റെ അതീവ സുരക്ഷാപ്പൂട്ട് അടക്കം പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നിട്ടുള്ളത്. വീടിന്റെ മുകളിലെ നിലയിലെ അലമാര കുത്തിത്തുറന്നാണ് ക്യാമറ എടുത്തത്. വീട്ടിലെ മറ്റ് രണ്ട് അലമാരകളും കുത്തിത്തുറന്നിട്ടുണ്ട്. നിരീക്ഷണ ക്യാമറയുടെ ഡി വി ആര്‍ അടക്കം കൊണ്ടുപോയതിനാല്‍ തെളിവ് നാമമാത്രമാണ്.
മാള പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിരലടയാള പരിശോധകരും പോലിസ് നായയും എത്തി പരിശോധിച്ചു.
കഴിഞ്ഞ ദിവസം സമീപത്തെ വീട് കുത്തിത്തുറന്ന് വലിയ നാശനഷ്ടമുണ്ടാക്കി മോഷണശ്രമം നടന്നിരുന്നു. പൂട്ടിക്കിടക്കുന്ന വീടുകള്‍ കേന്ദ്രീ കരിച്ചുള്ള മോഷണം വ്യാപകമായതില്‍ വിദേശത്തുള്ളവര്‍ ആശങ്കയിലാണ്.
കോട്ടമുറിയിലെ പൂട്ടിക്കിടന്ന മറ്റൊരു വീട്ടിലും മോഷണശ്രമത്തിനിടെ വന്‍ നാശനഷ്ടം വരുത്തിയിട്ടുണ്ട്. ചക്കാലക്കല്‍ ടോണിയുടെ വീട്ടിലാണ് മോഷണശ്രമവും വ്യാപകമായ കുത്തിപ്പൊളിക്കലും നടന്നത്. വീട്ടുകാര്‍ വിദേശത്തുനിന്ന് കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. മോഷണശ്രമം എന്നാണ് നടന്നതെന്ന് വ്യക്തമല്ല. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് വ്യാപകമായി നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
വീട്ടിലെ മറ്റ് വാതിലുകളും അലമാരകളും കുത്തിപ്പൊളിച്ച നിലയിലായിരുന്നു. മോഷണശ്രമത്തിനിടയില്‍ അലമാരകളിലെ സാധനങ്ങള്‍ വാരിവ ലിച്ചിട്ടിരിക്കുകയാണ്. ആഭരണങ്ങളോ പണമോ ഉണ്ടായിരുന്നില്ലെങ്കിലും മറ്റു വസ്തുക്കള്‍ മോഷണം പോയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാള പോലിസ് പരിശോധന നടത്തി. സമീപത്തെ അലു കെ മുഹമ്മദിന്റെ വീട്ടില്‍നിന്ന് രണ്ടു വര്‍ഷം മുമ്പ് 25 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയ കേസില്‍ പ്രതിയെ പിടികൂടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.