സംസ്ഥാന സെക്രട്ടറി സി എ റഊഫിന്റെ വീട്ടിലെ റെയ്ഡ്; പട്ടാമ്പി സിഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി പോപുലര്‍ ഫ്രണ്ട്
പട്ടാമ്പി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫിന്റെ വീട്ടില്‍ ഭീകരാന്തരീക്ഷം തീര്‍ത്ത് പാലക്കാട് പോലിസ് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് പട്ടാമ്പി സിഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് പോലിസ് പറയുന്നതെന്നും ഇതിന്റെ പേരില്‍ റഊഫിനെ കള്ളക്കേസില്‍ കുടുക്കാനായി പോലിസിലെ ഒരുവിഭാഗം നടത്തുന്ന ഗൂഢനീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസ്ഥാന സമിതിയംഗം പി വി ഷുഹൈബ് പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ശഹീദ് സുബൈറിന്റെ കൊലപാതകം സംബന്ധിച്ച കേസന്വേഷണം പാതിവഴിയില്‍ നിര്‍ത്തിവച്ച പോലിസ് നടപടിയിലെ പ്രകടമായ വിവേചനം തുറന്നുകാണിക്കപ്പെട്ടതോടെ, ഭീകരത സൃഷ്ടിച്ചും നിരപരാധികള്‍ക്കെതിരേ കള്ളക്കേസുകള്‍ ചുമത്തിയും പകവീട്ടാനാണ് പോലിസ് ശ്രമിക്കുന്നത്. ഇതിനായി അധികാരവും നിയമവും ദുരുപയോഗം ചെയ്യുകയാണ്. സാമാന്യനീതി പോലും കാറ്റില്‍ പറത്തുന്ന ഇത്തരം നീക്കങ്ങളെ നിയമപരമായും ജനകീയമായും നേരിടും.
സംഘപരിവാര്‍ തിരക്കഥക്കനുസരിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും നേതാക്കളെയും വേട്ടയാടാനുള്ള ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേലെ പട്ടാമ്പി ചെര്‍പ്പുളശ്ശേരി റോഡില്‍ നിന്നും തുടങ്ങിയ പ്രതിഷേധ മാര്‍ച്ച് സിഐ ഓഫിസിന് മുമ്പ് പോലിസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് മലപ്പും സോണല്‍ സെക്രട്ടറി അബ്ദുള്‍ അഹദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ബഷീര്‍ മൗലവി, അലി അന്‍വരി സംസാരിച്ചു.