കരിപ്പൂര്‍: ഏപ്രില്‍ ഒന്നുമുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും പ്രവേശന ഫീസ് നല്‍കണമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തെറ്റെന്ന് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു. ഏപ്രില്‍ ഒന്ന് മുതല്‍ നിലവിലുള്ള നിരക്കില്‍ ഒരു മാറ്റവുമില്ലെന്നും വിമാനത്താവള ഡയറക്ടര്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. ഇതുവരെ വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ 15 മിനിറ്റിനുള്ളില്‍ പുറത്തിറങ്ങിയാല്‍ പണം നല്‍കേണ്ട ആവശ്യമില്ല. ഈ സൗജന്യം അവസാനിക്കുന്നുവെന്നായിരുന്നു വ്യാപകമായി പ്രചരിപ്പിച്ചത്.
വിമാനത്താവള അതോറിറ്റിക്ക് കീഴിലുള്ള വിമാനത്താവളങ്ങളിലെ നിരക്കുകള്‍ അതോറിറ്റി ആസ്ഥാനത്ത് നിന്നാണ് പുനഃക്രമീകരിക്കുക. കരിപ്പൂരില്‍ മാത്രമായി നിരക്കുകള്‍ മാറ്റാന്‍ സാധിക്കില്ല. അതേസമയം, വിമാനത്താവളങ്ങളിലെ പാര്‍ക്കിങിനായി അതോറിറ്റി പുതിയ നയം തയ്യാറാക്കുന്നുണ്ട്. ഇതുപ്രകാരം ടെര്‍മിനലിന് മുന്നില്‍ യാത്രക്കാരെ സ്വീകരിക്കുന്നതിനായി എത്തുന്നവര്‍ക്ക് പരമാവധി മൂന്ന് മിനിറ്റാണ് അനുവദിക്കുക. ഈ നയം നടപ്പാക്കാന്‍ ആറുമാസമെങ്കിലും എടുക്കും. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഡയറക്ടര്‍ അറിയിച്ചു.