ഹണിട്രാപ്പ് കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍; യുവാവിന്റെ ബൈക്കും സംഘം തട്ടിയെടുത്തതായി പോലിസ്
തൃപ്പൂണിത്തുറ: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിന്റെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ഹണി ട്രാപ്പ് കേസില്‍ പിടിയില്‍. ഒരു യുവതിയെ പണത്തിന് പകരം ലൈംഗികമായി ഉപയോഗിക്കാമെന്ന് പറഞ്ഞ് യുവാവിനെ ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി വീഡിയോ പകര്‍ത്തി പണം തട്ടിയ കേസിലാണ് മരട് അനീഷിന്റെ സഹോദരന്‍ ആഷിക്ക് ആന്റണി (33), ഭാര്യ നേഹ (35), സുറുമി (29), തോമസ് (24), ഭാര്യ ജിജി (19) എന്നിവരെ ഹില്‍ പാലസ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആഷിക്, തോമസ്, സുറുമി, നേഹ, ജിജി.
പല തവണകളിലായി 13,500 രൂപയും മൊബൈല്‍ ഫോണും ബൈക്കും സംഘം തട്ടിയെടുത്തെന്നാണ് വൈക്കം സ്വദേശിയായ യുവാവ് പോലിസില്‍ പരാതി നല്‍കിയിരുന്നത്.
സുറുമിയെ പണം നല്‍കി ലൈംഗികമായി ഉപയോഗിക്കാമെന്ന് പറഞ്ഞാണ് ആഷിക്ക് ആന്റണി യുവാവിന് നമ്പര്‍ നല്‍കിയത്. ഇതിന് ശേഷം കഴിഞ്ഞ നവംബറില്‍ തൃപ്പൂണിത്തുറ മാര്‍ക്കറ്റിനു സമീപമുള്ള ലോഡ്ജിലേക്കു വിളിച്ചുവരുത്തി. യുവാവ് മുറിയില്‍ എത്തി ശേഷം സുറുമി വാതില്‍ അടച്ചപ്പോള്‍ പുറത്തു കാത്തുനിന്ന ആഷിക്കും തോമസും വാതില്‍ തുറന്ന് അകത്തു കയറി വീഡിയോ ചിത്രീകരിച്ചു. ഇതുപ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണവും ബൈക്കുമെല്ലാം തട്ടിയത്. മറ്റു പ്രതികള്‍ക്കൊപ്പം നേഹയും യുവാവിനെ ഭീഷണിപ്പെടുത്തിയെന്ന് പോലിസ് പറഞ്ഞു. തട്ടിയെടുത്ത ബൈക്ക് പണയം വെച്ച് ലഭിച്ച തുകയുടെ ഒരു വിഹിതം ജിജിയുടെ അക്കൗണ്ടിലേക്ക് പ്രതികള്‍ അയച്ചിരുന്നു.