മതപരിവര്‍ത്തന നിരോധന നിയമം: ദുരുപയോഗത്തിന്റെ യുപി മാതൃകകള്‍

Update: 2025-01-13 03:27 GMT

ഒരു ദലിത് ബാലന്റെ ജന്മദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട പ്രാര്‍ഥന യോഗത്തിന്റെ അത്യന്തം നാടകീയമായ അന്ത്യത്തെ തുടര്‍ന്ന് മൂന്ന് ദലിതര്‍ ജയിലിലായി. മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചാര്‍ത്തിയാണ് നടപടി. പടിഞ്ഞാറന്‍ യുപിയിലെ അംറോഹയില്‍ 2023 ഫെബ്രുവരിയിലാണ് സംഭവം. അല്‍പ്പം പഴക്കമുള്ളതാണെങ്കിലും രണ്ടുമൂന്ന് വര്‍ഷമായി മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ എന്താണു നടന്നുകൊണ്ടിരിക്കുന്നത് എന്നതിന്റെ ഒരു നേര്‍ചിത്രം ഇത് നല്‍കുന്നുണ്ട്. ഇതേ അംറോഹയില്‍ തന്നെയാണ് മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ പേരില്‍ 2022ല്‍ യുപിയില്‍ ആദ്യശിക്ഷ നടപ്പാക്കപ്പെട്ടത്. ഒരു മുസ്‌ലിം യുവാവാണ് അഞ്ചുവര്‍ഷം തടവുശിക്ഷയ്ക്ക് വിധേയനായത്. അയാള്‍ സ്വന്തം മതം മറച്ചുവച്ച് വ്യാജരേഖകള്‍ കാണിച്ച് ഹിന്ദു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു കുറ്റാരോപണം.

2020ല്‍ യുപി സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സായി കൊണ്ടുവന്ന മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ വെളിപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ദുരന്തഫലങ്ങള്‍ ഏറ്റുവാങ്ങുന്നത് അവിടങ്ങളിലെ മതന്യൂനപക്ഷങ്ങളും ദലിതരുമാണ്. ഈയടുത്ത ദിവസങ്ങളിലായി ദ വയര്‍ ചില റിപോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. ഉത്തര്‍പ്രദേശിലെ മൂന്ന് സംഭവങ്ങളുടെ കേസ് പഠനം നടത്തിയാണ് ദ വയര്‍ മൂന്നുഭാഗങ്ങളായുള്ള റിപോര്‍ട്ട് തയ്യാറാക്കിയത്.

അതിലൊന്നാണ് തുടക്കത്തില്‍ പരാമര്‍ശിച്ച അംറോഹയിലെ ദലിത് ബാലന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലാവുകയും ചെയ്ത സംഭവം.അംറോഹ നിവാസിയായ ദുര്‍ഗാ പ്രസാദ് എന്ന 41കാരനും മറ്റു രണ്ടുപേരുമാണ് ജയിലിലായത്. മൂന്നുപേരും ദലിത് സമുദായാംഗങ്ങളാണ്.

വിശ്വഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയും ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പരിശീലനം സിദ്ധിച്ച തീവ്ര ഹിന്ദുത്വ ഘടകവുമായ ബജ്‌റങ് ദള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു 2023 ഫെബ്രുവരിയില്‍ ഇവരുടെ അറസ്റ്റ് നടന്നത്. പ്രലോഭന വാഗ്ദാനങ്ങള്‍ നല്‍കിയും വശീകരണതന്ത്രങ്ങളിലൂടെയും പാവപ്പെട്ട ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നായിരുന്നു പരാതി.

ബജ്‌റങ് ദള്‍ പ്രവര്‍ത്തകനായ കുശാല്‍ ചൗധരിയാണ് ദുര്‍ഗാ പ്രസാദിനും മറ്റു രണ്ടുപേര്‍ക്കുമെതിരേ മേല്‍ പറഞ്ഞ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കിയത്. എന്നാല്‍, അവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലിസിന് ഈ വ്യാജ പരാതി തന്നെ ധാരാളമായിരുന്നു. എന്നാല്‍ 21 മാസത്തെ നിയമയുദ്ധത്തിനൊടുവില്‍ കോടതികള്‍ അവര്‍ക്കെതിരായ ആരോപണങ്ങള്‍ ചവറ്റുകുട്ടയിലെറിഞ്ഞ് അവരെ കുറ്റവിമുക്തരാക്കി. കുശാല്‍ ചൗധരിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലും അവരെ വെറുതെ വിട്ടു.

സംഭവത്തിന്റെ നാള്‍വഴികള്‍ ഇങ്ങനെയാണ്: 2023 ഫെബ്രുവരി 20ന് ദുര്‍ഗാ പ്രസാദ് സുഹൃത്ത് ശിവകുമാറുമൊത്ത് പ്രദേശവാസിയായ ആസാദ് സിങിന്റെ വീട്ടിലെത്തുന്നു. കുട്ടിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കലായിരുന്നു സന്ദര്‍ശനോദ്ദേശ്യം. ഭക്ഷണമൊക്കെ കഴിഞ്ഞ് തങ്ങള്‍ പുറപ്പെടാനൊരുങ്ങുമ്പോഴാണ് ആ സംഭവമുണ്ടായതെന്ന് ദുര്‍ഗാ പ്രസാദ് ദ വയറിനോട് വെളിപ്പെടുത്തി. ഏതാനും ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ഇരച്ചുകയറി ബഹളമുണ്ടാക്കി. ദുര്‍ഗാ പ്രസാദും ആസാദ് സിങും ശിവകുമാറും അയല്‍ക്കാരായ ഹിന്ദുക്കളെ പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നായിരുന്നു അവരുടെ ആരോപണം. കുശാല്‍ ചൗധരിയുടെ പരാതിയില്‍ 2021ലെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം അവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.

ദുര്‍ഗാ പ്രസാദും ശിവകുമാറും ക്രിസ്ത്യന്‍ മിഷനറിമാരാണെന്നും അവര്‍ ആസാദ് സിങിന്റെ വീട്ടില്‍ രോഗശാന്തി പ്രാര്‍ഥനയ്ക്ക് എത്തിയവരാണെന്നുമായിരുന്നു കുശാല്‍ ചൗധരിയുടെ പരാതി. ക്രിസ്തീയ വിശ്വാസം സ്വീകരിച്ചാല്‍ ഈശോ മിശിഹായുടെ സേവനം ലഭിക്കുമെന്നും രോഗശാന്തി ലഭിക്കുമെന്നും തങ്ങളുടെ സംഘടനയില്‍ നിന്ന് സാമ്പത്തികമായ സഹായങ്ങള്‍ അവര്‍ക്ക് ഉണ്ടാവുമെന്നും പ്രലോഭിപ്പിച്ച് ക്രിസ്തുമത പരിവര്‍ത്തനത്തിനു ശ്രമിക്കുകയാണെന്നാണ് ചൗധരിയുടെ പരാതിയുടെ ഉള്ളടക്കം. മതപരിവര്‍ത്തന ശ്രമം തടഞ്ഞ തന്നെ അവര്‍ ഭീഷണിപ്പെടുത്തിയതായും ചൗധരി പരാതിയില്‍ പറയുന്നു.

എന്നാല്‍ ദുര്‍ഗാ പ്രസാദ് പറയുന്നത് ആസാദ് സിങിന്റെ അയല്‍ വാസികളിലൊരാള്‍ മദ്യം ആവശ്യപ്പെട്ടുവെന്നും അത് നിരസിച്ചപ്പോള്‍ പുറത്തുപോയി ബജ്‌റങ് ദള്‍ പ്രവര്‍ത്തകരെ കൂട്ടിക്കൊണ്ടുവന്ന് കുഴപ്പമുണ്ടാക്കിയതാണ് എന്നുമാണ്.

പരാതിയെ തുടര്‍ന്ന് റിമാന്‍ഡിലായ ദുര്‍ഗാ പ്രസാദും ശിവകുമാറും രണ്ടാഴ്ചത്തെയും ആസാദ് സിങ് ആറാഴ്ചത്തെയും ജയില്‍വാസത്തിനു ശേഷം ജാമ്യം നേടി മോചിതരായി. കേസ് ക്വാഷ് ചെയ്യാന്‍ അലഹബാദ് ഹൈക്കോടതിമുമ്പാകെ അവര്‍ സമര്‍പ്പിച്ച അപേക്ഷ തള്ളപ്പെട്ടു. അതേസമയം സിആര്‍പിസി സെക്ഷന്‍ 227 പ്രകാരം പ്രാദേശിക കോടതിയിലും അവര്‍ ഹരജി സമര്‍പ്പിച്ചിരുന്നു. 2024 ജൂലൈ 10ന് അംറോഹ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സഞ്ജയ് ചൗധരി ദുര്‍ഗാ പ്രസാദിനും മറ്റുള്ളവര്‍ക്കുമെതിരായ കേസ് നിയമസാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ രണ്ട് വ്യത്യസ്ത ബെഞ്ചുകള്‍ 2023ല്‍ നടത്തിയ രണ്ടു പ്രധാന നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികള്‍ക്ക് ആശ്വാസകരമായ വിധി ജഡ്ജി ചൗധരി പുറപ്പെടുവിച്ചത്. ഒരു മൂന്നാം കക്ഷിക്ക് ഇത്തരമൊരു മതപരിവര്‍ത്തന പരാതിയുമായി ഇടപെടാന്‍ നിയമപരമായ അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫത്തേഹ്പൂരിലെ ജോസ്പ്രകാശിനും മറ്റ് 36 പേര്‍ക്കും എതിരായി വിഎച്ച്പി പ്രവര്‍ത്തകന്‍ 2022 ഏപ്രിലില്‍ ഫയല്‍ ചെയ്ത പരാതിക്കെതിരേ അവര്‍ നല്‍കിയ ഹരജിയിലാണ് 2023 ഫെബ്രുവരി 17ന് ജസ്റ്റിസുമാരായ അഞ്ജനി കുമാര്‍ മിശ്രയും ഗജേന്ദ്രകുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. വിഎച്ച്പി പ്രവര്‍ത്തകന്റെ പരാതിയില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നും കോടതി വിധിച്ചു. അംബേദ്കര്‍ നഗര്‍ ജില്ലയിലെ ബിജെപി ജില്ലാ സെക്രട്ടറി ചന്ദ്രികാ പ്രസാദ് ജോസ് പാപ്പച്ചന്‍ എന്നയാള്‍ക്കെതിരേ മതപരിവര്‍ത്തനം ആരോപിച്ചു നല്‍കിയ മറ്റൊരു കേസിലും 2023 സെപ്റ്റംബറില്‍ ജസ്റ്റിസ് ശമീം അഹ്മദും സമാനമായ വിധിയാണ് നല്‍കിയത്.

കേസിനെ തുടര്‍ന്ന് ദുര്‍ഗാ പ്രസാദിന് തൊഴില്‍ നഷ്ടമാവുകയും സാമ്പത്തിക പ്രയാസങ്ങളുടെ ഫലമായി ജീവിതം ദുരിതപൂര്‍ണമായി തീരുകയും ചെയ്തു. ബജ്‌റങ് ദള്‍ നേതാവിനെ ഭീഷണിപ്പെടുത്തിയ കേസ് കുറച്ചുകാലം കൂടി സെഷന്‍സ് കോടതിയില്‍ തുടര്‍ന്നു. ജൂനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജ് നസീം അഹ്മദ് പരാതിക്കാരനായ ബജ്‌റങ് ദള്‍ നേതാവ് കുശാല്‍ ചൗധരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തുകയും കേസിനാസ്പദമായി പറയുന്ന സംഭവങ്ങള്‍ സംശയകരമാണെന്ന നിഗമനത്തിലെത്തുകയും ചെയ്തു. 2024 നവംബര്‍ 21ന് ജഡ്ജ് നസീം അഹ്മദ് പ്രസ്തുത കേസില്‍ മൂന്നുപേരെയും വെറുതെ വിടുകയും ചെയ്തു.

മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ തീവ്ര ഹിന്ദുത്വരുടെ കുടില നീക്കങ്ങള്‍ക്ക് മറ്റ് രണ്ട് ഉദാഹരണങ്ങള്‍ കൂടി ദ വയര്‍ റിപോര്‍ട്ട് ചെയ്യുന്നു.സോനു സരോജ് എന്ന 36കാരനെതിരേ കൈക്കൊണ്ട പോലിസ് നടപടിയും തുടര്‍ന്നുണ്ടായ കേസുമാണ് ഒരു സംഭവം. സോനുവും ദലിത് സമുദായാംഗമാണ്. കേസെടുത്ത് 15 മാസങ്ങള്‍ക്കു ശേഷമാണ് 2024 സെപ്റ്റംബറില്‍ സോനു കുറ്റവിമുക്തനാക്കപ്പെട്ടത്. ഹിന്ദുത്വ ഗുണ്ടകളാല്‍ ആക്രമിക്കപ്പെട്ട സോനുവിനെ പ്രതിയാക്കിയ പോലിസിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയാണ് ജഡ്ജി സോനുവിനെ വിട്ടയച്ചത്.

ഉത്തര്‍പ്രദേശിലെ വാരാണസി സ്വദേശിയായ ഹരിശങ്കര്‍ എന്ന 60കാരനെതിരേ 2021 ആഗസ്റ്റ് 31ന് ഫയല്‍ ചെയ്ത സമാനമായ മറ്റൊരു കേസും ദ വയര്‍ റിപോര്‍ട്ട് ചെയ്യുന്നു. ഹരി ശങ്കറും ഒരു ദലിത് സമുദായാംഗമാണ്. 30,000 രൂപ കൊടുക്കാമെന്ന് പ്രലോഭനം നല്‍കി മത പരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്നാണ് കേസ്. ഒരു കുടിലില്‍ കഴിഞ്ഞു കൂടുന്ന താന്‍ എങ്ങനെയാണ് ഇത്രയും വലിയ തുക വാഗ്ദാനം ചെയ്യുകയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മൂന്നു വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 2024 സെപ്റ്റംബറില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കൃത്രിമ തെളിവുകളും വാദങ്ങളും തള്ളി അസംഗഡ് സെഷന്‍സ് ജഡ്ജി സഞ്ജീവ് ശുക്ല ഹരിശങ്കറിനെ കുറ്റവിമുക്തനാക്കിയെന്ന് ദ വയര്‍ റിപോര്‍ട്ട് ചെയ്യുന്നു. അതിന് മുമ്പ് ഹരിശങ്കര്‍ കുറ്റക്കാരനെന്ന് വിധിച്ച് കീഴ്‌കോടതി അദ്ദേഹത്തെ ജയിലിലടച്ചിരുന്നു.

ക്രിസ്തുമത വിശ്വാസം പിന്‍പറ്റുമ്പോള്‍ തന്നെ തങ്ങളുടെ ഹിന്ദു സ്വത്വം ഉപേക്ഷിക്കാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദലിത് സമുദായാംഗങ്ങള്‍ ജീവിക്കുന്നത് സാധാരണമാണ്. രേഖകളിലും മറ്റും അവരുടെ ഹിന്ദു ഐഡന്റിറ്റിയാവും ഉണ്ടായിരിക്കുക. െ്രെകസ്തവരിലും മുസ്‌ലിംകളിലും പെട്ട തങ്ങളുടെ സമുദായക്കാര്‍ക്ക് ലഭിക്കാത്ത ജാതി സംവരണാനുകൂല്യങ്ങള്‍ നഷ്ടമാകാതിരിക്കാനാണിത്. ഇത്തരം സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനകള്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ മനപ്പൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിച്ച് ധ്രുവീകരണമുണ്ടാക്കുകയാണ്. നിയമം ദുരുപയോഗം ചെയ്യുന്നത് തുടര്‍ക്കഥയായ സംസ്ഥാനത്ത് വിവിധ കേസുകളില്‍ കോടതികളുടെ വ്യക്തമായ വിധികളും ശാസനകളുമുണ്ടായിട്ടും ഇത്തരം വ്യാജ കേസുകള്‍ പെരുകിവരുകയാണ്.

2020 നവംബര്‍ മുതല്‍ 2024 ജൂലൈ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യ തയ്യാറാക്കിയ ഒരു റിപോര്‍ട്ട് പ്രകാരം 835ലധികം എഫ്‌ഐആറുകളിലായി 1,682 പേര്‍ക്കെതിരേ നിയമവിരുദ്ധ മതപരിവര്‍ത്തനം ആരോപിച്ച് പോലിസ് കേസെടുത്തതായി മനസ്സിലാക്കാം. ഇവയില്‍ നാലെണ്ണം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഹിന്ദുത്വരുടെ വ്യാജ പരാതികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലിസുകാര്‍ക്കെതിരേ നിയമ നടപടികള്‍ വേണമെന്ന് കോടതി ഉത്തരവിട്ട അനുഭവങ്ങളുമുണ്ട്. തീവ്രഹിന്ദുത്വരുടെ ഇത്തരം നീക്കങ്ങള്‍ക്ക് യുപി പോലിസിന്റെ പിന്തുണയുണ്ടെന്നതും ശ്രദ്ധേയമാണ്. നിയമം ദുര്‍വ്യാഖ്യാനം ചെയ്തും ഭരണകൂട ഏജന്‍സികളെ ദുരുപയോഗപ്പെടുത്തിയും ന്യൂനപക്ഷങ്ങളെയും ദലിതരെയും വേട്ടയാടുന്നത് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വിനോദമായി മാറിയിരിക്കുകയാണെന്നാണ് നിരവധി സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്.

(ഇരകളുടെ സുരക്ഷ പരിഗണിച്ച് യഥാര്‍ഥ പേരുകള്‍ക്ക് പകരം സാങ്കല്‍പ്പിക നാമങ്ങളാണ് നല്‍കിയിരിക്കുന്നത്)

Similar News