നിലമ്പൂരില്‍ മല്‍സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കും, പിണറായിസം അവസാനിപ്പിക്കും: പി വി അന്‍വര്‍
തിരുവനന്തപുരം: നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കില്ലെന്ന് പി വി അന്‍വര്‍. യുഡിഎഫ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലയോരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അറിയുന്നവരെയായിരിക്കണം യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കേണ്ടതെന്നും പി വി അന്‍വര്‍ അഭ്യര്‍ത്ഥിച്ചു. നിലമ്പൂരിലെ ഡിസിസി പ്രസിഡന്റായ വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് നന്നായിരിക്കും. വി എസ് ജോയിയും വനത്തിന് അകത്താണ് താമസിക്കുന്നത്. മലയോര മേഖലയിലുള്ള ക്രിസ്ത്യന്‍ വിഭാഗത്തെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാര്‍ത്ഥിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്നും പി വി അന്‍വര്‍ പറഞ്ഞു.
''കൊല്‍ക്കത്തയില്‍ പോയ സമയത്ത് രാജിവക്കണമെന്ന് വിചാരിച്ചിരുന്നില്ല. അവിടെ വച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയനേതാക്കളുമായി സംസാരിച്ചു. മമതാ ബാനര്‍ജിയുമായി വീഡിയോ കോളില്‍ സംസാരിച്ചു. രാജ്യത്തെ 13 സംസ്ഥാനങ്ങള്‍ നേരിടുന്ന വനം, വന്യജീവി നിയമത്തിന്റെ പ്രശ്‌നങ്ങള്‍ അവരുമായി സംസാരിച്ചു. കേരളത്തിന്റെ ഭൂമിയില്‍ 70 ശതമാനവും വനമാണ്. അതില്‍ 30-35 ശതമാനം സംരക്ഷിത വനമാണ്. ഇതാണ് വന്യജീവി സംഘര്‍ഷത്തിന് കാരണം. ഇതില്‍ നിലപാട് വേണമെന്ന് മമതയോട് അഭ്യര്‍ത്ഥിച്ചു. പശ്ചിമബംഗാളില്‍ വനം കുറവാണെന്നാണ് മമത പറഞ്ഞത്. എന്നാല്‍, അസമിലെ വനംപ്രശ്‌നങ്ങള്‍ അവര്‍ക്ക് അറിയാം. പാര്‍ട്ടിയുമായി സഹകരിക്കുകയാണെങ്കില്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്താമെന്ന് മമത പറഞ്ഞു. രാഹുല്‍ഗാന്ധിയുമായും ഇന്ത്യാമുന്നണി നേതാക്കളുമായി അവര്‍ വിഷയം സംസാരിക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ എംഎല്‍എ സ്ഥാനം രാജിവക്കാമെന്നായിരുന്നു എന്റെ നിലപാട്. എന്നാല്‍, ഇനിയും സമയം കളയാതെ വനം പ്രശ്‌നത്തില്‍ ഇടപെടൂയെന്നാണ് മമത പറഞ്ഞത്. തുടര്‍ന്ന് കേരളത്തിലെ തൃണമൂല്‍ നേതാക്കളുമായും നാലു ബിഷപ്പുമാരുമായും സമുദായനേതാക്കളുമായും സംസാരിച്ചു. അതിന് ശേഷമാണ് രാജിവക്കാന്‍ തീരുമാനിച്ചത്. ഡിസംബര്‍ പതിനൊന്നിന് തന്നെ രാജിക്കത്ത് ഇമെയിലില്‍ അയച്ചുനല്‍കിയിരുന്നു. ''-പി വി അന്‍വര്‍ പറഞ്ഞു.