ലോസ് എയ്ഞ്ചലസ് തീപിടുത്തത്തിനിടെ മോഷണം: 29 പേര്‍ പിടിയില്‍; ഫയര്‍ഫോഴ്‌സ് യൂണിഫോമില്‍ മോഷണം നടത്തിയ കൊള്ളക്കാരനും പിടിയില്‍
ലോസ്എയ്ഞ്ചലസ്: യുഎസിലെ ലോസ് എയ്ഞ്ചലസില്‍ കാട്ടുതീ പടരുന്നതിനിടെ മോഷണം നടത്തിയ 29 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ ഫയര്‍ഫോഴസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ചാണ് മോഷണത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് പോലിസ് മേധാവി റോബര്‍ട്ട് ലൂണ പറഞ്ഞു.
''ഫയര്‍മാന്‍ പോലെ തോന്നിക്കുന്ന ഒരാളെ ഞാന്‍ പ്രദേശത്ത് കണ്ടു. അയാള്‍ ഒരു മരത്തിന് സമീപം ഇരിക്കുകയായിരുന്നു. എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ഞാന്‍ ചോദിച്ചു. സംശയം തോന്നിയതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്തു. അപ്പോഴാണ് കള്ളത്തരം മനസിലായത്. തുടര്‍ന്ന് ലോസ് എയ്ഞ്ചലസ് പോലിസ് ഡിപാര്‍ട്ട്‌മെന്റിന് അയാളെ കൈമാറി. ഒരു വീട്ടില്‍ അയാള്‍ മോഷണം നടത്തിയെന്ന് തെളിഞ്ഞിട്ടുണ്ട്.''-റോബര്‍ട്ട് ലൂണ വിശദീകരിച്ചു.
ഈറ്റണ്‍ പ്രദേശത്ത് നിന്ന് 25 പേരെയും മറ്റൊരു പ്രദേശത്ത് നിന്ന് നാലു പേരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ മോഷണക്കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. പ്രദേശത്ത് സുരക്ഷയൊരുക്കാന്‍ നാഷണല്‍ ഗാര്‍ഡിന്റെ സേവനം തേടിയിയിട്ടുണ്ട്.
അതിനിടെ, കാലിഫോണിയയിലെ യുഎസ് സൈന്യത്തിന്റെ ടസ്റ്റിന്‍ ക്യാംപില്‍ നിന്നും മോഷ്ടാക്കള്‍ മൂന്ന് ഹംവീകളും സൈനിക ഉപകരണങ്ങളും കവര്‍ന്നു.
40 ജോഡി ബൈനോക്കുലറുകളും വാഹനങ്ങളില്‍ യന്ത്രത്തോക്കുകള്‍ സ്ഥാപിക്കുന്ന എട്ട് സ്റ്റാന്‍ഡുകളും 18 ബയണറ്റുകളും മരുന്നുകളുമാണ് മോഷണം പോയിരിക്കുന്നത്. ഇതില്‍ രണ്ടു ഹംവീകള്‍ പിന്നീട് ടസ്റ്റിന്‍ പോലിസ് കണ്ടെടുത്തു.