ശൗര്യചക്ര ജേതാവ് കോമ്രേഡ് ബല്‍വീന്ദര്‍ സിംഗിന്റെ കൊലപാതകം: പ്രതിയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി
മൊഹാലി: ശൗര്യചക്ര ജേതാവും സിപിഎം നേതാവുമായിരുന്ന കോമ്രേഡ് ബല്‍വീന്ദര്‍ സിംഗ് സന്ധുവിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി. ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകനായ സുഖ്മീത് പാല്‍ സിംഗ് എന്നയാള്‍ നല്‍കിയ ജാമ്യഹരജിയാണ് എന്‍ഐഎ കോടതി തള്ളിയിരിക്കുന്നത്. ഇയാള്‍ക്ക് ജാമ്യം നല്‍കുകയാണെങ്കില്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
2020 ഒക്ടോബര്‍ പതിനാറിനാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ബല്‍വീന്ദര്‍ സിംഗ് സന്ധുവിനെ വെടിവച്ചു കൊന്നത്. 1980കളില്‍ പഞ്ചാബില്‍ ഖലിസ്താന്‍ പ്രസ്ഥാനം ശക്തമായ സമയത്ത് അതിനെതിരേ ബല്‍വീന്ദര്‍ നിലപാട് എടുത്തിരുന്നു. പോലിസുമായും സൈന്യവുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ച ബല്‍വീന്ദര്‍ ഖലിസ്താന്‍വാദികള്‍ക്ക് തലവേദനയായി മാറി. ഇതേതുടര്‍ന്ന് ഒരിക്കല്‍ 200 പേര്‍ ചേര്‍ന്ന് വീട് ആക്രമിച്ചു. ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ബല്‍വീന്ദര്‍ സിംഗിന് ശൗര്യചക്ര പുരസ്‌കാരം നല്‍കിയത്. 42 തവണ ഇയാള്‍ക്ക് നേരെ വധശ്രമമുണ്ടായി. പിന്നീട് പഞ്ചാബ് സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ച് ആറു മാസത്തിന് ശേഷമാണ് ഇയാള്‍ വെടിയേറ്റു കൊല്ലപ്പെട്ടത്. 2016-17 കാലയളവില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കെഎല്‍എഫ് നടത്തിയ എട്ട് ആക്രമണങ്ങളും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.