വിദ്യാര്‍ത്ഥി നേതാക്കളുടെ അന്യായ തടങ്കലിനെതിരേ രാജ് ഭവന്‍ മാര്‍ച്ച്: ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കും

Update: 2021-10-14 13:18 GMT

താനൂര്‍: ഹഥ്‌റാസ് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ യുപി പോലിസ് അറസ്റ്റ് ചെയ്ത കാംപസ് ഫ്രണ്ട് നേതാക്കളുടെ അന്യായ തടവ് ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 23 ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി ജില്ലാ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് കാംപസ് ഫ്രണ്ട് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ ഒക്ടോബര്‍ 15ന് താനൂരും, 16ന് ചങ്ങരംകുളം എന്നിവിടങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. താനൂരില്‍ സമസ്ഥാന സമിതി അംഗം ഇസ്മായില്‍ മണ്ണാര്‍മലയും, ചങ്ങരംകുളത്ത് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫയും ഉദ്ഘാടനം ചെയ്യും.

ഉത്തര്‍പ്രദേശിലെ ഹഥ്‌റാസില്‍ ഥാക്കൂര്‍ വിഭാഗക്കാരുടെ ക്രൂര ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് മഥുരയില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5 ന് കാംപസ് ഫ്രണ്ട് ദേശിയ നേതാക്കളായ അതീഖ് റഹ്മാന്‍, മസൂദ് ഖാന്‍ എന്നിവരെയും മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെയും യു പി പോലിസ് കള്ളക്കേസ് ചുമത്തി ജയിലിലടച്ചത്. പിന്നീട് കാംപസ് 'ഫ്രണ്ട് ദേശിയ ജനറല്‍ സെക്രട്ടറി ആയിരുന്ന കൊല്ലം, അഞ്ചല്‍ സ്വദേശി റഊഫ് ശരീഫിനെയും കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ചിരുന്നു. യുപി പോലിസിന്റെ അന്യായ നടപടിക്കെതിരേയാണ് രാജ് ഭവന്‍ മാര്‍ച്ച് നടത്തുന്നതെന്ന് കാംപസ് ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂര്‍, സെക്രട്ടറി അര്‍ഷദ് ആരിഫ്, വൈസ് പ്രസിഡന്റ് മുസ്തഫ ഷാനൂരി പങ്കെടുത്തു.

Tags:    

Similar News